
സംസ്കൃതി രജത ജൂബിലി ആഘോഷത്തിന് തുടക്കമായി

ദോഹ: ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മുറിച്ചു കടക്കാന്‍ സംസ്കൃതി പോലുള്ള സംഘടനകളുടെ ദീപ്തമായ പ്രകാശവും മൂല്യവും ആവശ്യമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. സംസ്കൃതി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരാന ഡല്‍ഹിയുടേയും മാറുന്ന ഡല്‍ഹിയുടേയും മുഖങ്ങള്‍ താന്‍ അറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകനെന്ന് തന്റെ പരിചയപ്പെടുത്തിയെങ്കിലും ഇക്കാലത്ത് അത് പറയാന്‍ തനിക്ക് അല്പം വിഷമമുണ്ടെന്നും അദ്ദേഹം വിശദമാക്കി.


സമൂഹത്തില്‍ വിഭജനമുണ്ടാക്കാന്‍ എന്തൊക്കെ വിഭവങ്ങള്‍ കൊടുക്കാന്‍ ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളായി മാധ്യമങ്ങള്‍ മാറിയിട്ടുണ്ട്. രാജ്യത്ത് മാറുന്ന യാഥാര്‍ഥ്യത്തെ പ്രതിരോധിക്കണമെങ്കില്‍ മലയാളി ആര്‍ജ്ജിച്ച നന്മകള് സംരക്ഷിക്കാനുള്ള പ്രതിബദ്ധത കാണിക്കണം. ഉത്തരേന്ത്യയില്‍ മാധ്യമ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചപ്പോള്‍ വര്‍ഗ്ഗീയ കലാപങ്ങളുടെ ചോരച്ചാലുകളിലൂടെ നടക്കേണ്ട ഗതികേടുണ്ടായതായി അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കളും മുസ്ലിംകളും തമ്മിലും ഹിന്ദു വിഭാഗത്തിലെ വ്യത്യസ്ത ജാതികള്‍ തമ്മിലുമുള്ള നിരവധി സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഉത്തരേന്ത്യയെ ചൂഴ്ന്നു നിന്നിട്ടുള്ള വെറിപ്പിന്റേയും വിദ്വേഷത്തിന്റേയും വൈറസ് നമ്മുടെ നാട്ടിലേക്കും പറിച്ചു നടപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ കേരളത്തിലും ഇപ്പോഴത് നാമ്പെടുത്തിരിക്കുകയാണ്.
കേരളത്തിലുടനീളം ലൗ ജിഹാദ് നടക്കുകയാണെന്നും ഹിന്ദുക്കളിലേയും ക്രിസ്ത്യാനികളിലേയും പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോവുകയാണെന്നും തന്നോട് ഒരു വൈദികന് പറഞ്ഞു. അങ്ങനെ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുടെ കണക്കൊന്ന് തരാമോ എന്ന് താന്‍ ചോദിച്ചപ്പോള്‍ കണക്കൊന്നുമില്ല കേരള സ്റ്റോറി എന്നൊരു സിനിമ കണ്ടില്ലേ എന്നും അതിന്റെ ഇതിവൃത്തമെന്താണെന്നുമായിരുന്നു വൈദികന് തിരികെ പറഞ്ഞതെന്നും അതുതന്നെ അമ്പരപ്പിച്ചതായും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ജാതിയുടെയോ മതത്തിന്റേയോ വേര്‍തിരിവുകളില്ലാതെ പ്രവര്‍ത്തിക്കാന്‍ പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ നാട്ടില്‍ സാധിച്ചിരുന്നു. എന്നാലിപ്പോള്‍ അത്തരത്തിലുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ആ സംശയത്തിന്റെ പല പ്രതീകങ്ങളും ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെ മാധ്യമങ്ങളിലും സംവാദങ്ങളിലും എത്രത്തോളം വിഭജനത്തിന്റെ വൈറസുകള്‍ പടര്‍ന്നിട്ടുണ്ടെന്ന് കാണാനാവും.

കാല് നൂറ്റാണ്ടു മുമ്പ് 31 പേരുമായി ആരംഭിച്ച സംസ്കൃതി ഇപ്പോള്‍ ആറായിരത്തിലേറെ പേരിലേക്ക് വളര്‍ന്നിട്ടുണ്ടെങ്കില്‍ പ്രവാസി മലയാളിക്ക് മൂല്യങ്ങളോടും നന്മയോടുമുള്ള പ്രതിബദ്ധതയാണ് അടിവരയിടുന്നത്.
ഇന്ത്യയിങ്ങനെ മാറുമെന്ന് നമ്മളാരും നിനച്ചിരുന്നില്ല. മഹാത്മാഗാന്ധിക്ക് ഇത്രയേറെ പ്രാധാന്യം വരുന്ന കാലഘട്ടം കടന്നു വരുമെന്ന് ഗാന്ധിജിയും കരുതിയിരിക്കില്ല. കൊല്ലപ്പെടുന്നതിന്റെ തലേന്ന് മഹാത്മാഗാന്ധി തന്റെ സഹായി മനുവിനോട് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പ്രസക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ ധൂളികളായി വായുവില്‍ ലയിക്കുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല. ഡിസംബര്‍ ആറിന് അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ തങ്ങളെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ എഴുതിയത് ഇന്ത്യ മാറിത്തുടങ്ങിയെന്നും ഇന്ത്യ ഇരുണ്ടു തുടങ്ങിയെന്നുമായിരുന്നു. അതിന് പ്രവചന സ്വഭാവമുണ്ടായിരുന്നുവെന്ന് ഇന്ന് മനസ്സിലാകുന്നു. ഇന്ത്യയിലെ സാമൂഹ്യ ഘടന ഇന്ന് എത്രത്തോളം ദുര്‍ബലപ്പെട്ടുവെന്ന് തിരിച്ചറിയാന്‍ കഴിയും. ശാന്തിയുടെ ഇത്തിരി ശര്‍ക്കര നുണയുവാന്‍ നമ്മുടെ രാജ്യം എത്രയോ കൊഴുത്ത ചവര്‍പ്പുകള്‍ കുടിച്ചു വറ്റിച്ചിട്ടും രാജ്യമിപ്പോഴും വെറുപ്പിന്റെ കൊഴുത്ത ജലം കുടിച്ചുകൊണ്ടിരിക്കുകയാണ്.
സ്നേഹത്തിന്റേയും സമഭാവനയുടേയും സാഹോദര്യത്തിന്റേയും അനുകമ്പയുടേയും ചിഹ്നമായ രാമനെ വില്ലു കുലച്ച രാമനാക്കി നിങ്ങള്‍ മാറ്റുമ്പോള്‍ ഒരു രൗദ്രതയാണ് ക്ഷണിച്ചു വരുത്തുന്നതെന്ന് താന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നതായി ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. ശ്രീരാമനെന്നത് രൗദ്രതയുടെ പ്രതീകമല്ല. മഹാത്മാ ഗാന്ധിയുടെയും സ്നേഹത്തിന്റേയും അനുകമ്പയുടേയും സാഹോദര്യത്തിന്റേയും രാമനാണത്.
ഇന്ത്യയുടെ സംസ്ക്കാരത്തിന് മാത്രമല്ല, ശാസ്ത്രത്തിനും എന്തു സംഭവിച്ചു എന്നറിയേണ്ടതുണ്ട്. സി വി രാമനെ പോലെ പ്രശസ്തരായ ശാസ്ത്രജ്ഞന്മാര് അധ്യക്ഷത വഹിച്ചവയാണ് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്.
ഇന്ത്യ എല്ലാ മതങ്ങളുടേുയം രാജ്യമാണെന്നും ഒരു മതത്തിന്റെ പരിപാടിക്ക് താങ്കള്‍ രാഷ്ട്രപതിയായിരിക്കുമ്പോള്‍ പോകരുതെന്നും ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദിന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു കത്തെഴുതിയിരുന്നു. അന്നത്തെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ കസേരയില്‍ ഇപ്പോഴിരിക്കുന്നയാള് ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കാണ് പോയിരിക്കുന്നത് എന്ന സംഭവം മാത്രം മതി എങ്ങനെയാണ് ഇന്ത്യ മാറിയതെന്ന് മനസ്സിലാക്കാനെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
അഞ്ഞൂറോളം വരുന്ന നാട്ടുരാജ്യങ്ങളുടെ ചെങ്കോലുകളും കിരീടങ്ങളും സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വലിച്ചെറിഞ്ഞപ്പോള്‍ സ്വാതന്ത്ര്യത്തിന് ശേഷം 75 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ആ ചെങ്കോല്‍ പാര്‍ലമെന്റില്‍ ആനയിക്കപ്പെട്ടുവെന്ന് പറയുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം മുമ്പോട്ടാണോ പിന്നോട്ടാണോ സഞ്ചരിച്ചെന്ന് ചിന്തിക്കേണ്ടതുണ്ട്.
സംസ്കൃതി തന്റെ കൂടി സംഘടനയാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കൈരളിയുടെ പിറവി സംസ്കൃതിയുടെ മടിത്തട്ടിലായിരുന്നുവെന്ന് താന്‍ നന്ദിയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്കൃതിയുടെ രജത ജൂബിലി ആഘോഷത്തിന് ഖത്തറിലെ മിക്ക സംഘടനകളേയും കൂടെ നിര്‍ത്താന്‍ തയ്യാറായത് തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാബരി മസ്ജിദിന് പകരം ഇപ്പോള്‍ എന്‍ സി ആര് ടി സിലബസില്‍ പഠിപ്പിക്കുന്നത് മൂന്ന് താഴികക്കുടങ്ങളുള്ള കെട്ടിടമെന്നാണ്. ഇന്നത്തെ കേന്ദ്ര മന്ത്രിസഭയില്‍ എത്ര മുസ്ലിംകള് മന്ത്രിസഭയിലുണ്ടെന്ന് നോക്കണം. ഔറംഗസേബ് എന്ന മുഗള്‍ ഭരണാധികാരിയുടെ അന്‍പത് ശതമാനം മന്ത്രിമാര്‍ ഹിന്ദുക്കളായിരുന്നുവെന്ന് മനസ്സിലാക്കണം. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ ജനാധിപത്യമെന്നത് എന്ന നിലയില്‍ നിന്നും ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉള്‍ക്കൊള്ളുന്ന തലത്തിലേക്ക് പോവുകയാണ്.
പ്രാകൃതനായ ഒരു ഭരണാധികാരിക്ക് മാത്രമേ മറ്റു വിശ്വാസത്തിലുള്ളവരെ ആശ്ലേഷിക്കാനോ ഉള്‍ക്കൊള്ളാനോ സാധിക്കാതെ വരികയുള്ളു.
സാബിത് സഹീര്‍ അധ്യക്ഷത വഹിച്ചു. ഷംസീര്‍ അരിക്കുളം, സി വി റപ്പായി, ഇ എം സുധീര്‍, എബ്രഹാം, ഷാനവാസ് ബാവ, ഇ പി അബ്ദുറഹ്മാന്, താഹ, ഡോ. അബ്ദുല്‍ സമദ്, ഹൈദര്‍ ചുങ്കത്തറ, ഷാനവാസ്, അബി കുര്യാക്കോസ്, സമീര്‍ സിദ്ദീഖ്, ജസിത, ഓമനക്കുട്ടന്, പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.

