Connect with us

Special

പഠനത്തില്‍ മാത്രമല്ല ആരോഗ്യത്തിലുമാകാം ശ്രദ്ധ

Published

on


വീണ്ടും ഒരു അധ്യയനവര്‍ഷം തുടങ്ങുകയായി. എന്നാല്‍, സ്‌കൂള്‍ തുറക്കുന്നത് മഴക്കാലത്തായതിനാല്‍ പലപ്പോഴും പ്രതീക്ഷിക്കാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. പകര്‍ച്ചവ്യാധികളുടെ കാര്യം വേറെ.

പനി, ജലദോഷം, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ സര്‍വ്വസാധാരണമാണ്. തൊണ്ടവേദന, ചുമ, മുതലായ ലക്ഷണങ്ങള്‍ അതിവേഗം മറ്റു കുട്ടികളിലേയ്ക്ക് പകരാന്‍ സാധ്യതയുള്ളവയാണ്. എന്നാല്‍, ആരോഗ്യശീലങ്ങളില്‍ അല്‍പം ശ്രദ്ധവെച്ചാല്‍ വലിയൊരു പരിധിവരെ ഇത്തരം രോഗങ്ങളെ തടയാനാകും. വീട്ടിലും സ്‌കൂളിലും ഇത്തരം കാര്യങ്ങളില്‍ മുന്‍കരുതലുകള്‍ ആവശ്യമാണ്.

വാക്സിനുകള്‍ നിര്‍ബന്ധം

മുണ്ടിനീരിനെതിരായ വാക്‌സിന്‍, മഞ്ഞപ്പിത്തത്തിനെതിരേയുള്ള ഹെപ്പറ്റൈറ്റിസ് എ വാക്‌സിന്‍, ചിക്കന്‍ പോക്‌സിനെതിരേയുള്ള വാക്‌സിന്‍, ടൈഫോയ്ഡ് വാക്‌സിന്‍, ഇന്‍ഫ്‌ളുയന്‍സ വാക്‌സിന്‍ തുടങ്ങി നിര്‍ബന്ധമായും വാക്സിനുകള്‍ എടുത്തിരിക്കുക. പ്രതിരോധം പ്രധാനമാണല്ലോ. കുട്ടികള്‍ക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. സ്വയം ചികിത്സ അരുത്.

കുടിക്കാന്‍ ശുദ്ധമായ വെള്ളം

തിളപ്പിച്ച് ആറിയതോ നല്ല രീതിയില്‍ ഫില്‍റ്റര്‍ ചെയ്തതോ ആയ വെള്ളമാണ് കുടിക്കേണ്ടത്. അല്ലാത്തപക്ഷം മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങള്‍ എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. സ്‌കൂളില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലെങ്കില്‍ നിര്‍ബന്ധമായും വീട്ടില്‍നിന്ന് കൊണ്ടുപോകേണ്ടതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുകയും ഇടവേളകളില്‍ മൂത്രമൊഴിക്കുകയും ചെയ്തില്ലെങ്കില്‍ മുത്ര സംബന്ധമായ അസുഖങ്ങള്‍ വന്നേക്കാം.

സമീകൃതാഹാരം ഉറപ്പാക്കണം

വൃത്തിയില്ലാത്ത വിധത്തില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളും പാനീയങ്ങളും ഒഴിവാക്കണം. അതുപോലെ ദിവസേനയുള്ള ആഹാരത്തില്‍ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാലുത്പന്നങ്ങള്‍, മീന്‍, ചിക്കന്‍ എന്നിവ എല്ലാം അടങ്ങിയിരിക്കണം. എണ്ണ പലഹാരങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്സ്, ജങ്ക്സ് ഫുഡ്സ് എന്നിവയും ഒഴിവാക്കിയുള്ള ഭക്ഷണരീതി ആരോഗ്യത്തിന് നല്ലതാണ്.

സ്‌ക്രീന്‍ ടൈം കുറയ്ക്കാം

അവധിക്കാലത്ത് ടി വി, മൊബൈല്‍ സ്‌ക്രീന്‍ ടൈം കൂടുതലായതുകൊണ്ട്, കുട്ടികളെ പെട്ടന്ന് അവയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. എന്നാല്‍ സ്‌ക്രീന്‍ടൈം പരമാവധി കുറച്ച് ശാരീരിക ചലനങ്ങള്‍ ലഭിക്കുന്ന കളികളില്‍ ഏര്‍പ്പെടാന്‍ ശീലിപ്പിക്കണം.

വ്യായാമം ചെയ്യാതിരിക്കരുതേ

വ്യായാമവും കുട്ടികള്‍ക്ക് ഭക്ഷണം പോലെ അത്യാവശ്യമാണെന് രക്ഷിതാക്കളും അധ്യാപകരും മനസ്സിലാക്കണം. ഇതിനായി സ്‌കൂളുകളിലെ ഗ്രൗണ്ട്, പൊതുമൈതാനം പോലുള്ള സൗകര്യങ്ങള്‍ കുട്ടികള്‍ പരമാവധി പ്രയോജനപ്പെടുത്തുക. ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന കുട്ടികള്‍ അവിടെ ലഭ്യമായ ജിം, സ്വിമ്മിങ് പൂള്‍ എന്നിവ ഉപയോഗിക്കാം. കുട്ടികളുടെ കാര്യത്തില്‍ വ്യായാമം, നല്ല ആരോഗ്യ ശീലം വളര്‍ത്തി എടുക്കാനും അതു വഴി ഭാവിയിലെ പല രോഗങ്ങള്‍ തടയാനും സഹായിക്കും.

വ്യക്തിശുചിത്വം പ്രധാനം

കുട്ടികളെ വ്യക്തിഗത ശുചിത്വം പാലിക്കാന്‍ പഠിപ്പിക്കുക വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ടോയ്ലെറ്റ് ഉപയോഗിച്ചതിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകുക, ദിവസവും രണ്ടു നേരം കുളിക്കുക, മാസ്‌ക് ഉപയോഗിക്കുക, പുറത്തുപോയി വന്നാല്‍ കൈകാലുകള്‍ സോപ്പിട്ട് കഴുകാന്‍ ശീലിപ്പിക്കുക,

ഉറക്കം കുറയ്ക്കരുത്

ദിവസം എട്ടുമണിക്കൂറോളം ഉറങ്ങണം. എല്ലാ ദിവസവും ഒരേസമയത്ത് ഉറങ്ങാനും ഉണരാനും ശീലിപ്പിക്കുക.

Advertisement

കുട്ടികളുമായി ആശയവിനിമയം

സ്‌കൂളില്‍നിന്ന് വന്നാല്‍ സ്‌കൂളിലെ വിശേഷങ്ങളും കാര്യങ്ങളും കുട്ടിയോട് ചോദിച്ചുമനസ്സിലാക്കുന്നത് വഴി അവരുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ സാധിക്കും. കുട്ടിയുടെ സുഹൃത്തുക്കളുമായും അധ്യാപകരുമായും സൗഹൃദപരമായ ആശയവിനിമയം ആവാം.

ഡോ. രഞ്ജിത് ബേബി ജോസഫ്
കണ്‍സള്‍ട്ടന്റ്- പീഡിയാട്രിക്‌സ് ആന്റ് അലര്‍ജി, ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി

error: Content is protected !!