പ്രവാസത്തില്‍ തീര്‍ത്ത സംഘാടനത്തിന്റെ പാത; പൊതുരംഗത്ത് കരുത്തായി സയ്യിദ് എസ് കെ ഹാഷിം തങ്ങള്‍

Web Desk
2 Min Read

ഖത്തറിലെ മലയാളി പൊതുമണ്ഡലത്തിലും തൃശ്ശൂര്‍ ജില്ലയിലെ രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലും മായാത്ത മുദ്ര പതിപ്പിച്ച മികച്ച സംഘാടകനും പ്രഭാഷകനുമാണ് സയ്യിദ് എസ് കെ ഹാഷിം തങ്ങള്‍. ഖത്തര്‍ ചന്ദ്രിക റീഡേഴ്സ് ഫോറം, ഖത്തര്‍ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ എം സി സി) എന്നിവയുടെ ആവിര്‍ഭാവം മുതല്‍ അതില്‍ സജീവ പങ്കാളിയായി പ്രവര്‍ത്തിച്ച അദ്ദേഹം, പ്രവാസ ലോകത്തെ മലയാളി കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പ്രമുഖ വ്യക്തിത്വമാണ്.

city exchange

ഖത്തറിലെ ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തില്‍ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാനും സൗഹൃദം പങ്കുവെക്കാനും സാധിച്ചത് വലിയൊരു അനുഭവസമ്പത്താണ്. കേവലം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, മതസൗഹാര്‍ദ്ദ വേദികളിലും പ്രവാസി കൂട്ടായ്മകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം എപ്പോഴും വേറിട്ടുനിന്നു. പ്രവാസ ലോകത്ത് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച നാളുകളില്‍ അദ്ദേഹത്തിന്റെ കൃത്യമായ ഉപദേശങ്ങളും വഴികാട്ടലുകളും പലപ്പോഴും കൂട്ടായ്മകളുടെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ ഊര്‍ജ്ജമായിട്ടുണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന നല്ലൊരു ഉപദേഷ്ടാവ് കൂടിയാണ് അദ്ദേഹം.അദ്ദേഹത്തോട് ഉപദേശം തേടാത്ത ഒരു സംഘടനയും ഖത്തറില്‍ ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം.

പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും സാംസ്‌കാരിക- സാഹിത്യ രംഗങ്ങളില്‍ സജീവമായി നിലകൊണ്ട തങ്ങള്‍ മികച്ചൊരു എഴുത്തുകാരനും വാഗ്മിയുമാണ്. ആശയവ്യക്തതയുള്ള പ്രസംഗങ്ങളും സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകളും വഴി വളരെ പെട്ടെന്ന് തന്നെ ജനമനസ്സുകളില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രവാസ ലോകത്ത് കെ എം സി സി മുന്നോട്ടുവെച്ച ജീവകാരുണ്യ, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ സംഘാടന മികവ് എടുത്തുപറയേണ്ടതാണ്.
ഖത്തറിലെ ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷവും പൊതുരംഗത്ത് സജീവ സാന്നിധ്യമായി അദ്ദേഹം തുടര്‍ന്നു.

നിലവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്ന സുപ്രധാന ചുമതല വളരെ മികച്ച രീതിയിലാണ് തങ്ങള്‍ നിര്‍വ്വഹിച്ചുവരുന്നത്. പാര്‍ട്ടി സംഘാടനത്തിലും ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നതിലും മുന്നില്‍ നില്‍ക്കുന്ന അദ്ദേഹം, തൃശ്ശൂരിലെ മുസ്ലിം ലീഗിന്റെ വളര്‍ച്ചയില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

- Advertisement -
Ad image

സൗമ്യമായ പെരുമാറ്റവും ലളിതമായ ജീവിതശൈലിയും ജനങ്ങളോടുള്ള ആത്മബന്ധവും സയ്യിദ് എസ് കെ ഹാഷിം തങ്ങളെ വേറിട്ടൊരു രാഷ്ട്രീയ- സാമൂഹിക വ്യക്തിത്വത്തിന് ഉടമയാക്കുന്നു. നാടിന്റെ സാംസ്‌കാരിക കൂട്ടായ്മകളിലും രാഷ്ട്രീയ പ്രസ്ഥാനത്തിലും ഒരുപോലെ ശോഭിക്കുന്ന ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവാസികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രചോദനമാണ്.

Share This Article
Leave a Comment
error: Content is protected !!