

വടകര: വടകര മുന്‍ എം എല്‍ എയും സോഷ്യലിസ്റ്റ് നേതാവുമായ അഡ്വ. എം കെ പ്രേംനാഥ് (73) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

2006- 11 കാലത്ത് വടകര എം എല്‍ എ ആയിരുന്നു. ഏറാമല തട്ടോളിക്കരയിലെ പരേതരായ കുന്നമ്പത്ത് നാരായണക്കുറുപ്പിന്റെയും പത്മാവതിയമ്മയുടെയും മകനാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ കാലത്ത് തന്നെ രാഷ്ട്രീയത്തില്‍ സജീവമായ പ്രേംനാഥ് സോഷ്യലിസ്റ്റ് വിദ്യാര്‍ഥി സംഘടനയായ ഐ എസ് ഒയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദം അലങ്കരിച്ചിട്ടുണ്ട്.

യുവജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, ദേശീയ കമ്മിറ്റി അംഗം, യുവജനത സംസ്ഥാന ആക്ടിങ് പ്രസിഡന്റ്, കെ എസ് ആര്‍ ടി സി എംപ്ലോയീസ് യൂനിയന്‍ (എച്ച് എം എസ്) സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റിലാകുകയും പൊലീസ് മര്‍ദനത്തിന് ഇരയാകുകയും ചെയ്തിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് പ്രസിഡന്റ്, സ്വതന്ത്രഭൂമി സോഷ്യലിസ്റ്റ് മാസികയുടെ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവൃത്തിച്ചു.
മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം ലോകോളേജില്‍ നിന്ന് എല്‍ എല്‍ ബിയും കേരള സര്‍വകലാശാലയില്‍ നിന്ന് എം എയും നേടി. ഭാരതീയ വിദ്യാഭവനില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമയും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ഡിപ്ലോമയും കരസ്ഥമാക്കി.
ഭാര്യ: പരേതയായ പ്രഭാവതി. മകള്‍: പ്രിയ.

