

റിയാദ്: സമൂഹത്തിന്റെയും സമുദായത്തിന്റെയും അഭിമാനകരമായ നിലനില്‍പ്പ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മുന്നേറ്റത്തിനുമാണ് മുസ്‌ലിം ലീഗും കെ എം സി സി അടക്കമുള്ള പോഷക സംഘടനകളും എല്ലാ കാലഘട്ടങ്ങളിലും മുന്‍ഗണന നല്‍കിയിട്ടുള്ളതെന്ന് റിയാദ് മലപ്പുറം മണ്ഡലം കെ എം സി സി നടത്തിയ മുസ്‌ലിം ലീഗ് സ്ഥാപകദിന സംഗമത്തില്‍ പങ്കെടുത്തു സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

റിയാദ് എക്‌സിറ്റ് പതിനെട്ടിലെ ലാറൈന്‍ ഇസ്തിറാഹയില്‍ വെച്ച് നടന്ന പ്ലാറ്റിനം ജൂബിലി- സ്ഥാപക ദിനാഘോഷങ്ങള്‍ക്ക് കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സിദ്ധീഖ് കോങ്ങാടിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ 75 പ്രവര്‍ത്തകര്‍ 75 പതാകകള്‍ ഉയര്‍ത്തി തുടക്കം കുറിച്ചു. റിയാദ് മലപ്പുറം മണ്ഡലം കെ എം സി സി പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു.

കെ എം സി സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ‘സുരക്ഷിതത്വ ബോധത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ സത്താര്‍ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. അലവിക്കുട്ടി ഒളവട്ടൂര്‍, ഷാഫി ദാരിമി പുല്ലാര, പി സി അബ്ദുല്‍ മജീദ്, ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ തുടങ്ങിയവര്‍ പരിപാടിക്ക് പ്രസംഗിച്ചു.
മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ പ്രചാരണ ഭാഗമായി വിളംബര ജാഥ, മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് മുസ്‌ലിം ലീഗ് ചരിത്ര ക്വിസ്, ഇശല്‍ സന്ധ്യ, ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം, മധുര വിതരണം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു. അബ്ദുല്‍ നാസര്‍ കെ പി ഖിറാഅത് നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി സി കെ അബ്ദുറഹിമാന്‍ സ്വാഗതവും ട്രഷറര്‍ മുജീബ് പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.
യൂനുസ് കൈതക്കോടന്‍, ജലീല്‍ പുല്‍പ്പറ്റ, യൂനുസ് തോട്ടത്തില്‍, ഷൗക്കത്ത് പുല്‍പ്പറ്റ, ഷുക്കൂര്‍ കോഡൂര്‍, മുസമ്മില്‍ കാളമ്പാടി, അമീറലി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

