

ദോഹ: ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ ഖത്തര്‍ പതിപ്പില്‍ രണ്ടുലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. അതോടൊപ്പം ലൊകമെമ്പാടുമുള്ള ആയിരം മാധ്യമ പ്രതിനിധികളാണ് ഇത് റിപ്പോര്‍ട്ടു ചെയ്യുക.

ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചു മുതല്‍ 14 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലും ദോഹയിലെ മറ്റ് നിരവധി വേദികളിലുമാണ് മോട്ടോര്‍ ഷോ നടക്കുക.

ആഗോള ഓട്ടോമോട്ടീവ് മേഖലയിലെ ഏറ്റവും മികച്ച രീതിയിലുള്ള മോട്ടോര്‍ ഷോയായാണ് ഖത്തര്‍ ഇത് സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഒക്ടോബര്‍ എട്ടിന് ഫോര്‍മുല 1 ഗ്രാന്റ് പ്രി നടക്കും.
മേഖലയിലെ ആദ്യത്തെ ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ ഖത്തര്‍ എഡിഷന്‍ സംഘടിപ്പിക്കുന്നതില്‍ ഏറെ സന്തുഷ്ടരാണെന്നും ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് യൂറോപ്പില്‍ നിന്നുള്ള കാര്‍ പ്രേമികളെ ആകര്‍ഷിക്കുന്നതിനാണ് പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയുടെ സി ഇ ഒ സാന്‍ഡ്രോ മെസ്‌ക്വിറ്റ പറഞ്ഞു. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രധാന എക്സിബിഷനു പുറമേ റോഡ്ഷോകള്‍, നഗരത്തിനുള്ളില്‍ ടെസ്റ്റ് ഡ്രൈവുകള്‍, മരുഭൂമിയില്‍ ഓഫ് റോഡ് ടെസ്റ്റ് ഡ്രൈവുകള്‍ തുടങ്ങിയവയും ഉണ്ടാകും.

