
തലശ്ശേരി: ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് മുതല്‍ ബോംബെ വരെ വ്യാപിച്ചു കിടന്ന പ്രദേശത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ ആസ്ഥാനമായ തലക്കച്ചേരിയില്‍ നിന്ന് കേരളത്തിന്റെ നിയമ ആസ്ഥാനത്തേക്ക് ഒരാള്‍ക്കൂടി. തലശ്ശേരിയുടെ ചരിത്രത്തില്‍ വ്യാപാര രംഗത്ത് വെന്നിക്കൊടി പാറിച്ച കേയി കുടുംബത്തില്‍ നിന്നാണ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിക്കപ്പെട്ട സി പി മുഹമ്മദ് നിയാസ് വരുന്നത്. രാഷ്ട്രപതി കേരള ഹൈക്കോടതിയില്‍ നിയമിച്ച രണ്ടുപേരിലൊരാളാണ് അദ്ദേഹം.

പി എസ് സി മുന്‍ ചെയര്‍മാന്‍ ടി എം സാവാന്‍കുട്ടിയുടെ മകനാണ് സി പി മുഹമ്മദ് നിയാസ്. കേയിക്കുടുംബത്തില്‍ നിന്നുള്ള മറിയമാണ് മാതാവ്.


പി എസ് സി ചെയര്‍മാനായിരുന്ന പിതാവിനൊപ്പം തിരുവനന്തപുരത്തായിരുന്നതിനാല്‍ അദ്ദേഹം തിരുവനന്തപുരത്താണ് വിദ്യാഭ്യാസം നടത്തിയത്. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ നിന്നും ബിരുദം നേടിയ ശേഷം രണ്ടു വര്‍ഷം കോഴിക്കോട്ടെ കോടതികളില്‍ പ്രാക്ടീസ് ചെയ്തിരുന്ന അഡ്വ. ചൊവ്വക്കാരന്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസ് 1997 മുതല്‍ ഹൈക്കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്.
സി ഒ ടി ആലിക്കേയി, സി പി അബ്ദുല്ലക്കേയി, ടി എം അബ്ദുല്ല എന്നിവര്‍ നേരത്തെ ജില്ലാ കോടതിയില്‍ ജഡ്ജിമാരായിരുന്നെങ്കിലും കേയി കുടുംബത്തില്‍ നിന്നും ഒരാള്‍ ആദ്യമായാണ് ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പെടുന്നത്.

