
ആലുവ: ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി ആലുവക്കാരി. ആലുവ തായിക്കാട്ടുകര ലുബിന കാസിമാണ് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയത്.

കുന്നത്തേരി കവലയ്ക്കു സമീപം താമസിക്കുന്ന ടെല്‍ക് ഉദ്യോഗസ്ഥനായിരുന്ന തട്ടംവീട്ടില്‍ കാസിമിന്റെയും റംലത്തിന്റെയും മകളാണ് ലുബിന. ഭര്‍ത്താവ് മുഹമ്മദ് അജ്മലിനൊപ്പമാണ് ലുബിന ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിന് ചേര്‍ന്നത്. മുഹമ്മദ് അജ്മലിന് മാര്‍ച്ചില്‍ ക്വാണ്ടം ഫിസിക്‌സില്‍ ഡോക്ടറേറ്റ് ലഭിച്ചിരുന്നു. ഡോ. മുഹമ്മദ് അജ്മല്‍ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഫെഡറല്‍ ഗവണ്‍മെന്റില്‍ പേറ്റന്റ് എക്‌സാമിനറായി ജോലി ചെയ്യുകയാണ്. മുണ്ടക്കയം പുഞ്ചവയല്‍ പള്ളിത്തടത്തില്‍ നാസറിന്റേയും റംലയുടേയും മകനാണ് അജ്മല്‍.


ആല്‍കലൈന്‍ എര്‍ത്ത് ഫ്‌ളൂറോഹാലയ്ഡിലൂടെ ഒപ്റ്റിക്കല്‍ ഡാറ്റ സ്റ്റോറേജിനുള്ള കൂടുതല്‍ സാധ്യതകള്‍ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിനാണ് ലുബിനയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്.
തായിക്കാട്ടുകര ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍ നിന്നും പത്താം ക്ലാസ്സും കളമശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്ലസ് ടൂവും പൂര്‍ത്തിയാക്കിയ ലുബിന കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഫിസിക്‌സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. ഇപ്പോള്‍ ഓസ്ട്രേലിയയിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയാണ്. ഭര്‍ത്താവിനൊപ്പം കാന്‍ബറയിലാണ് ലുബിന താമസിക്കുന്നത്.

