

തിരുവനന്തപുരം: വഷളത്തരം ചെയ്തതിനെ വാത്സല്യമെന്ന് പറഞ്ഞ് വെള്ളപൂശാന്‍ നില്‍ക്കേണ്ടെന്ന് സുരേഷ് ഗോപിയോട് എ എ റഹീം. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ചത് വിവാദമായതോടെ സുരേഷ് ഗോപി ക്ഷണ ചോദിച്ചതിന് പിന്നാലെയാണ് എ എ റഹീമിന്റെ വിമര്‍ശനം.

വിഷയത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ള ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് എന്താണെന്ന ചോദ്യവും എ എ റഹീം ഉന്നയിച്ചു. സ്മൃതി ഇറാനിക്ക് ഫ്ളയിംഗ് കിസ് കൊടുത്തെന്ന് പാര്‍ലമെന്റിനകത്തും പുറത്തും വ്യാജപ്രചരണം നടത്തി രാജ്യത്താകമാനം പ്രതിഷേധം നടത്തിയ ബി ജെ പിയും സ്മൃതി ഇറാനിയും ഇതൊക്കെ കാണുന്നുണ്ടാകുമെന്നും പ്രധാനമന്ത്രിക്കു വേണ്ടപ്പെട്ട ഒരാള്‍ പരസ്യമായി ഇതാണ് കാണിക്കുന്നതെന്നും എം പി പറഞ്ഞു.

തോളില്‍ കൈവെച്ചപ്പോള്‍ ഒഴിഞ്ഞു മാറിയ വനിതയോട് വഷളത്തം നിറഞ്ഞ ശരീര ഭാഷയും വര്‍ത്തമാനവും നടത്തുകയും വീണ്ടും സ്പര്‍ശിക്കുകയും ചെയ്യുകയും അവര്‍ കൈ എടുത്തു മാറ്റുകയും ചെയ്തിട്ടും അതിനെ ന്യായീകരിക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നത്. അത്തരം ന്യായീകരണം വലിയ വഷളത്തരമാണെന്നും എ എ റഹീം പറഞ്ഞു.

