വീല്‍ചെയറില്‍ നിന്ന് എംബിബിഎസിലേക്ക്: കൈഫോസ്‌കോളിയോസിസിന് തകര്‍ക്കാനായില്ല ഈ നിശ്ചയദാര്‍ഢ്യത്തെ

Web Desk
2 Min Read

കൊച്ചി: ജീവിതത്തില്‍ കടമ്പകള്‍ സാധാരണമാണ്. എന്നാല്‍ ജന്മനാ കൈഫോസ്‌കോളിയോസിസ് ബാധിച്ച കൊടുങ്ങല്ലൂര്‍ സ്വദേശിനി ഷെറിന്‍ രാജിന്റെ ജീവിതത്തിലെ കടമ്പകളും വെല്ലുവിളികളും അത്ര സാധാരണമായിരുന്നില്ല.

city exchange

തൊറാസിക് സ്‌പൈനിന്റെ കശേരുക്കള്‍ പൂര്‍ണമായി രൂപപ്പെടാതെയാണ് ഷെറിന്‍ ജനിച്ചത്. ഈ അവസ്ഥ നട്ടെല്ലില്‍ അസാധാരണമായ ഒരു വളവിന് കാരണമായി. വളരുന്തോറും ഈ വളവ് ഷെറിന്റെ നട്ടെല്ലിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും സുഷുമ്‌നാ നാഡിയെ ഞെരുക്കുന്ന അവസ്ഥയിലേക്കും നയിച്ചു. ഒടുവില്‍ കൗമാരപ്രായത്തിന്റെ തുടക്കത്തില്‍തന്നെ വീല്‍ചെയറില്‍.

സുഷുമ്‌നാ നാഡി അതീവ ഗുരുതരമായ അവസ്ഥയില്‍, രണ്ട് കാലുകള്‍ക്കും ബലഹീനത എന്നിവയുമായി ഷെറിന്‍ വീല്‍ചെയറിനെ ആശ്രയിച്ച് സ്വപ്‌നങ്ങളും ചികിത്സയുമായി മുന്നോട്ട്.

പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു പരിമിതികള്‍ക്കിടയിലും ഷെറിന്റെ ആഗ്രഹം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയ ഷെറിന്‍ 2017 ജൂലൈയില്‍ പതിമൂന്നാം വയസ്സിലാണ് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലില്‍ എത്തുന്നത്. നട്ടെല്ല് ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ആര്‍ കൃഷ്ണകുമാറിന്റെ വിദഗ്ധ മാര്‍ഗനിര്‍ദേശപ്രകാരം ഷെറിന്‍ പുതിയ ചികിത്സ ആരംഭിച്ചു. ”രണ്ടു കാലുകളും പൂര്‍ണമായി തളരുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നു ഷെറിന്‍. സുഷുമ്‌നാ നാഡിയുടെ ഞെരുക്കം ഒഴിവാക്കാന്‍ അടിയന്തിര ശസ്ത്രക്രിയ ആവശ്യമായിരുന്നു. അത് ചെയ്തില്ലായിരുന്നുവെങ്കില്‍ ജീവിതകാലം മുഴുവനും വീല്‍ചെയറില്‍ കഴിയേണ്ടി വന്നേനെ,’ ഡോ. കൃഷ്ണകുമാര്‍ ഏഴ് വര്‍ഷം മുമ്പത്തെ ഓര്‍മ പങ്കുവച്ചു.

- Advertisement -
Ad image

സുഷുമ്‌നാ നാഡിയെ ഞെരുക്കുന്ന അസ്ഥി നീക്കം ചെയ്യുന്നതിനോടൊപ്പം വളവ് നിവര്‍ത്തുന്ന സങ്കീര്‍ണ്ണമായ കൈഫോസ്‌കോളിയോസിസ് കറക്ടീവ് ശസ്ത്രക്രിയ ഡോ. കൃഷ്ണകുമാര്‍ നടത്തി. നൂതന ന്യൂറോ മോണിറ്ററിംഗ് ടെക്‌നിക്കുകള്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയില്‍ നട്ടെല്ലിന്റെ വളവ് നിവര്‍ത്താന്‍ ടൈറ്റാനിയം സ്‌ക്രൂകളും കോബാള്‍ട്ട്- ക്രോമിയം റോഡും സ്ഥാപിച്ചു. എംആര്‍ഐ കംപാറ്റിബിള്‍ ആയ ഇംപ്ലാന്റുകള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും. ഇത് ഷെറിന് ഒടുവില്‍ വേദനയില്ലാത്ത ഒരു ജീവിതം നല്‍കി.

‘കൈഫോസ്‌കോളിയോസിസ്, പ്രത്യേകിച്ച് അതിന്റെ ഗുരുതരമായ ഘട്ടങ്ങളില്‍, ഒരു സാധാരണ ജീവിതം നയിക്കാനുള്ള രോഗിയുടെ കഴിവിനെ സാരമായി ബാധിക്കും,’ ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. ‘എന്നാല്‍ ശരിയായ ചികിത്സയിലൂടെ നമുക്ക് അത് ഒഴിവാക്കി പുതുജീവിതം നല്കാന്‍ കഴിയും. ഷെറിന്റെ അവസ്ഥയ്ക്ക് കൃത്യതയും വൈദഗ്ധ്യവും ആവശ്യമായിരുന്നു, സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ തയ്യാറായി നില്‍ക്കുന്ന അവളെ ഇന്ന് കാണുന്നത് എല്ലാവര്‍ക്കും അഭിമാനത്തിന്റെ നിമിഷമാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിന്റെ ബുദ്ധിമുട്ടുകള്‍ കുറഞ്ഞപ്പോള്‍ ഷെറിന്‍ തന്റെ ശ്രദ്ധ പഠനത്തിലേക്ക് തിരിച്ചു. ഒടുവില്‍ സ്വപ്‌നം കണ്ടതുപോലെ ഡോക്ടറാകാനുള്ള ഒരുക്കത്തിലാണ് ഷെറിന്‍. എംബിബിഎസ് ബിരുദ പഠനം തുടങ്ങാനൊരുങ്ങുകയാണ് ഈ മിടുക്കി.

”ഈ ശസ്ത്രക്രിയ എനിക്ക് വീണ്ടും സ്വപ്‌നം കാണാനുള്ള സ്വാതന്ത്ര്യം നല്‍കി,” ഷെറിന്‍ പറഞ്ഞു. ”എനിക്ക് ഒരു ഡോക്ടറാകാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇപ്പോള്‍, ഞാന്‍ എന്റെ എംബിബിഎസ് ബിരുദ പഠനം ആരംഭിക്കുകയാണ്, ഡോ. കൃഷ്ണകുമാര്‍ എന്നെ സഹായിച്ചതു പോലെ മറ്റുള്ളവരെ എനിക്കും സഹായിക്കണം’ ഷെറിന്‍ പറഞ്ഞു.

”അത്യാധുനിക ചികിത്സകള്‍ക്കും കാരുണ്യ പരിചരണത്തിനും പേരുകേട്ട വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ എല്ലാ ദിവസവും അത്ഭുതങ്ങള്‍ സംഭവിക്കുന്ന ഒരിടമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിനിയായി ഷെറിന്‍ തന്റെ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. വഴിയില്‍ തടസ്സങ്ങള്‍ നേരിടുന്ന എല്ലാവരിലും ഷെറിന്റെ കഥ പ്രത്യാശ പകരും” മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. എച്ച് രമേഷ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജയേഷ് വി നായര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!