
തിരുവനന്തപുരം: സ്‌കൂളുകളുടെ ഓണ്‍ലൈന്‍ പഠനത്തിന് ഔദ്യോഗിക വെബ്‌സൈറ്റ് തയ്യാറായി. കൈറ്റിന്റെ ജി സ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇനി സംസ്ഥാനത്തെ സ്‌കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കുക. സൂം, ഗൂഗ്ള്‍ മീറ്റ് തുടങ്ങിയവ ഉപയോഗപ്പെടുത്തി നടത്തിയ പഠന സംവിധാനമാണ് ഔദ്യോഗിക സോഫ്റ്റ്‌വെയറിലേക്ക് മാറുന്നത്.

ഗൂഗിള്‍ ഇന്ത്യയുടെ സഹായത്തോടെ കൈറ്റ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വേണ്ടി മാത്രം വികസിപ്പിച്ച സോഫ്റ്റ്‌വെയറാണ് ജി സ്യൂട്ട്. ഇതില്‍ സൈബര്‍ നുഴഞ്ഞുകയറ്റങ്ങള്‍ സാധ്യമാകില്ലെന്നു മാത്രമല്ല കുട്ടികള്‍ക്ക് അധ്യാപകരുമായി സംവദിക്കുന്നതിനും മറ്റ് ഡാറ്റകള്‍ അപ്‌ലോഡ് ചെയ്യുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഇതിനകം 426 സ്‌കൂളുകളില്‍ സോഫ്റ്റ്‌വെയറിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ പഠനം പത്താം ക്ലാസിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനമായത്. ഡിജിറ്റല്‍ ഉപകരണങ്ങളും കണക്ടിവിറ്റിയും ഉറപ്പാക്കിയ സ്‌കൂളുകളിലാണ് ഓണ്‍ലൈന്‍ പഠനം തുടങ്ങുന്നത്. സ്‌കൂള്‍ തുറന്നാലും ഓണ്‍ലൈന്‍ പഠനം തുടരുമെങ്കിലും ഓണ്‍ലൈന്‍ പഠനം നിര്‍ബന്ധമാക്കില്ല.
അതേസമയം, സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വി ശിവന്‍കുട്ടി വ്യക്തമാക്കി.
വിദ്യാഭ്യാസ തദ്ദേശ ആരോഗ്യവകുപ്പുകള്‍ ചേര്‍ന്നുള്ള സമിതിയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് സ്‌കൂള്‍ തുറക്കാനുള്ള അന്തിമ തീരുമാനമെടുക്കുക. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിന്റെ തുടര്‍നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഫ് ലൈനായി പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രിം കോടതിയല്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കംപ്യൂട്ടറും ഇന്റര്‍നെറ്റും പല വിദ്യാര്‍ഥികള്‍ക്കും ഇല്ലാത്തത് പ്രതിസന്ധിയാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എന്താണ് ജി സ്യൂട്ട്

കൈറ്റ് വിക്ടേഴ്‌സിലൂടെ നല്‍കി വരുന്ന ഫ്സ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഈ വര്‍ഷം ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ജി സ്യൂട്ട്. ജൂലൈ അവസാന വാരം ആദ്യം തിരുവനന്തപുരം ജില്ലയിലെ പിരപ്പിന്‍കോട് വി എച്ച് എസ് എസ്‌കൂളിലും തുടര്‍ന്ന് പതിനാല് ജില്ലകളിലെ 34 വി എച്ച് എസ് സ്‌കൂളുകളിലും ജി സ്യൂട്ട് ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ആഗസ്തില്‍ 153 ഹൈസ്‌കൂളുകളിലും 141 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 132 വി എച്ച് എസ് ഇ സ്‌കൂളുകളിലുമായി 426 സ്‌കൂളുകളില്‍ പൈലറ്റ് വിന്യാസവും പൂര്‍ത്തിയാക്കി. ഡിജിറ്റല്‍ ഉപകരണങ്ങളുടേയും കണക്ടിവിറ്റിയുടേയും ലഭ്യതയും അധ്യാപകരുടെ സന്നദ്ധതയും ഉറപ്പുവരുത്തിയ സ്‌കൂളിലാണ് പൈലറ്റ് വിന്യാസം നടത്തിയത്. 76723 കുട്ടികളും 8372 അധ്യാപകരും പൈലറ്റ് വിന്യാസത്തിന്റെ ഭാഗമായി സവിശേഷ ലോഗിന്‍ ഐ ഡി ഉപയോഗിച്ച് ജി സ്യൂട്ട് പ്ലാറ്റ് ഫോം വിജയകരമായി പ്രയോജനപ്പെടുത്തി.
പൂര്‍ണമായും സൗജന്യമായി ലഭിക്കുന്ന ജി സ്യൂട്ട് സംവിധാനത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക സ്റ്റോറേജ് ആവശ്യമില്ലാതെ മൊബൈല്‍ ഫോണ്‍ വഴിയും പ്രയോജനപ്പെടുത്താനാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ശേഖരിക്കുന്നില്ലെന്ന് മാത്രമല്ല പരസ്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയും ഡാറ്റയില്‍ കൈറ്റിന് മാസ്റ്റര്‍ കണ്‍ട്രോണ്‍ ഉറപ്പുവരുത്തുകയും ചെയ്യുന്ന രൂപത്തിലാണ് പ്ലാറ്റ്‌ഫോം സജ്ജമാക്കിയിരിക്കുന്നത്. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ വിവിധ ക്ലാസുകള്‍ ക്രമീകരിക്കാനും അവ മോണിറ്റര്‍ ചെയ്യാനും വിവിധ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനും കഴിയുന്ന എല്‍ എം എസ് (ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം) ആയാണ് ജി സ്യൂട്ട് സജ്ജമാക്കിയിരിക്കുന്നത്.


