
തിരുവനന്തപുരം: പെട്രോളിന് 14 പൈസ കുറച്ചത് ആഘോഷിച്ചപ്പോള്‍ പാചകവാതകത്തിന് കൂട്ടിയത് 25.50 രൂപ. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിനാണ് ഇത്രയും രൂപ കൂട്ടിയത്. വാണിജ്യാവശ്യത്തിനുള്ളതാകട്ടെ ഇതിന്റെ മൂന്നിരട്ടിയോളമാണ് വര്‍ധിപ്പിച്ചത്- 73.50 രൂപ.
എല്ലാ മാസവും ഒന്നാം തിയ്യതി ഇന്ത്യയിലെ പാചകവാതക ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി കിട്ടുന്ന ദിവസമാണ്. പുതിയ വില നിര്‍ണയത്തോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 867 രൂപയും വാണിജ്യാവശ്യത്തിനുള്ളവയ്ക്ക് 1623.50 രൂപയുമായി വര്‍ധിച്ചു.


ആഗസ്ത് മാസത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും വാണിജ്യാവശ്യത്തിനുള്ളവയ്ക്ക് 80 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഫെബ്രുവരിയില്‍ മൂന്നു തവണയായി 100 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്.

പെട്രോളിന് 14 പൈസ കുറച്ചതോടെ കൊച്ചിയില്‍ ഒരു ലിറ്ററിന് 101.49 രൂപയും തിരുവനന്തപുരത്ത് 103.56ഉം കോഴിക്കോട് 101.78 രൂപയുമായി. ഡീസലിന് കൊച്ചിയില്‍ 93.59, തിരുവനന്തപുരത്ത് 95.53 രൂപയും കോഴിക്കോട് 93.89 രൂപയുമാണ് വില.


