

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ കര്‍ണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം (കെ സി ഒ സി എ) ചുമത്തിയ കുറ്റം സുപ്രിം കോടതി പുനഃസ്ഥാപിച്ചു. കുറ്റം റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

ബെംഗളൂരു പൊലീസ് കമ്മിഷണര്‍ 2018-ല്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് മോഹന്‍ നായക് എന്ന പ്രതിക്കെതിരെ കെ സി ഒ സി എ. പ്രകാരം കുറ്റംചുമത്തിയത്. ഏപ്രില്‍ 22ന് ഹൈക്കോടതി ഇത് റദ്ദാക്കുകയിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതികള്‍ക്ക് കുറ്റകൃത്യത്തിന് മുന്‍പും അതിനുശേഷവും താവളമൊരുക്കിയതില്‍ മോഹന്‍ നായക് സജീവപങ്കാളിത്തം വഹിച്ചുവെന്നാണ് കവിതാ ലങ്കേഷിന്റെ ഹര്‍ജിയിലെ ആരോപണം.

സംഘപരിവാര്‍ അനുകൂലികളുടെ വെടിയേറ്റ് 2017 സെപ്തംബറിലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായവരെല്ലാം സനാതന്‍ സന്‍സ്ത, ശ്രീരാമസേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയവയുമായി ബന്ധമുള്ളവരാണ്.

