ഖിയ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗ്രാന്‍ഡ് മാള്‍ എഫ് സി റണ്ണര്‍ അപ്പ്

Web Desk
2 Min Read

ദോഹ: ബാന്‍ഡ്‌വാദ്യവും ആരവങ്ങളുമായി ഗ്യാലറി നിറച്ച ആരാധകര്‍ക്ക് കാല്‍പന്തിന്റെ കളിയഴക് സമ്മാനിച്ച് ഗ്രാന്‍ഡ് മാള്‍ എഫ് സിക്ക് വീരോചിത മടക്കം. മിന്നുന്ന നീക്കങ്ങളും വിങ്ങുകളെ ചടുലമാക്കിയ മുന്നേറ്റങ്ങളും മികച്ച പന്തടക്കവും കൊണ്ട് ദോഹ സ്റ്റേഡിയത്തിലെ പച്ചപ്പുല്ലില്‍ ഗ്രാന്‍ഡ് മാള്‍ എഫ് സി പുതിയ ഫുട്ബാള്‍ കാവ്യം രചിച്ച സീസണായി ഖിയ ചാമ്പ്യന്‍സ് ലീഗ് മാറി.

city exchange

ഒന്നരമാസം നീണ്ടുനിന്ന ടൂര്‍ണമെന്റിന്റെ ആദ്യ അങ്കം മുതല്‍ കലാശപ്പോരാട്ടം വരെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ആരാധക ഹൃദയം കവര്‍ന്ന് ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ് ട്രോഫിയുമായി മടക്കം. ഫൈനലില്‍ സിറ്റി എക്‌സ്‌ചേഞ്ച് എഫ് സിക്ക് മുന്നില്‍ നിര്‍ഭാഗ്യത്തിലൂടെയെത്തിയ ഒരു ഗോളില്‍ കീഴടങ്ങിയെങ്കിലും തലയുയര്‍ത്തി തന്നെ ഗ്രാന്‍ഡ്മാള്‍ ഈ സീസണ്‍ അവസാനിപ്പിച്ചു.

കളിയുടെ 30-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം കെ പി രാഹുല്‍ നേടിയ ഗോളാണ് കളിയുടെ വിധി നിര്‍ണയിച്ചത്. എങ്കിലും ഇരു പകുതികളിലും മികച്ച പ്രകടനത്തിലൂടെ ഗ്രാന്‍ഡ്മാള്‍ ആരാധകരുടെ പ്രിയപ്പെട്ട ടീമായി മാറി. കോച്ച് റോഷന്റെ പരിശീലനത്തില്‍ ക്യാപ്റ്റന്‍ റിഷാദ് നയിച്ച ഗ്രാന്‍ഡ് മാള്‍ എഫ് സി ഒരു ഗോള്‍ വഴങ്ങിയതൊഴിച്ചാല്‍ എതിരാളികള്‍ക്ക് മേല്‍ കളം മുഴുവന്‍ അടക്കി വാണു. ഏത് നിമിഷവും ഗോള്‍ എന്നുറപ്പിച്ച നീക്കങ്ങളുമായി എതിര്‍ പാളയം വിറപ്പിച്ചു.

എണ്ണയിട്ട യന്ത്രം കണക്കെ പട നയിച്ച ക്യാപ്റ്റന്‍ റിഷാദും സഹകളിക്കാരായ ജോണ്‍സണ്‍, ബാദിഷ്, അദീബ്, ഇംറാന്‍, ഖാലിദ് റോഷാന്‍, അമാന്‍, മുഹമ്മദ് സലാഹ്, അതുല്‍, അര്‍ഷല്‍, ഗനീ, അജ്സല്‍, ഫഹജാസ് എന്നീ യുവതാരങ്ങളും ഗ്രൗണ്ടില്‍ കളിയുടെ മാരിവില്ലിന്‍ മഴവില്ലഴക് തീര്‍ത്തപ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഗാലറിയില്‍ ഹര്‍ഷാരവം മുഴക്കി. റഷീദ് മുണ്ടേക്കാട് ആയിരുന്നു മികച്ച സേവുകളിലൂടെ ഗ്രാന്‍ഡിന്റെ വല കാത്തത്.
ടൂര്‍ണമെന്റില്‍ പ്രബലരായ ടീമുകളുള്ള ഗ്രൂപ്പ് ബി-യില്‍ നിന്ന് ചാമ്പ്യന്മാരായാണ് ഗ്രാന്‍ഡ് മാള്‍ എഫ് സി സെമിഫൈനലിലേക്ക് കടന്നത്. പ്ലേ ഓഫ് കളിയില്ലാതെ നേരിട്ട് സെമിഫൈനലില്‍ യോഗ്യത നേടി മിടുക്ക് തെളിയിച്ചു. ഗ്രൂപ്പ് റൗണ്ടിലും നോക്കൗട്ട് റൗണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാന്‍ഡ് മാള്‍ എഫ് സി ശക്തമായ പോരാട്ടത്തിലൂടെയാണ് ഫൈനലില്‍ ബര്‍ത്ത് ഉറപ്പിച്ചത്.

- Advertisement -
Ad image

കളിയിലുടനീളം ഉജ്വല പ്രകടനം കാഴ്ചവെച്ച മിഡ് ഫീല്‍ഡര്‍ റിഷാദാണ് ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്’. റിഷാദിന്റെ ഉറച്ച തീരുമാനങ്ങളും തന്ത്രപരമായ നീക്കങ്ങളും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തി. ടൂര്‍ണമെന്റില്‍ ഉടനീളം കാല്‍പന്ത് കളിയുടെ വശ്യ മനോഹാരിത നിലനിര്‍ത്തിയ ഗ്രാന്‍ഡ് മാള്‍ എഫ് സി ഫെയര്‍ പ്ലേ പുരസ്‌കാരവും സ്വന്തമാക്കി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഐ ലീഗ്, സന്തോഷ് ട്രോഫി, കേരള പ്രീമിയര്‍ ലീഗ്, സൂപ്പര്‍ ലീഗ് കേരള തുടങ്ങിയ പ്രമുഖ ടൂര്‍ണമെന്റുകളില്‍ തിളങ്ങിയ ഒരുപിടി താരങ്ങളാണ് ഗ്രാന്‍ഡ്മാള്‍ എഫ് സിക്കായി ഈ സീസണില്‍ പന്തു തട്ടിയത്.

Share This Article
Leave a Comment
error: Content is protected !!