

കാബൂള്‍: സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ചാരിറ്റി ബേക്കറികള്‍ തുറന്ന് ഭക്ഷ്യക്ഷാമത്തിന് നേരിയ കുറവു വരുത്താന്‍ ശ്രമം. അഫ്ഗാന്‍ ചാരിറ്റി സംഘടനയായ ഹസാര ഫൗണ്ടേഷനാണ് കാബൂളില്‍ രണ്ട് ‘തബാസം’ ചാരിറ്റി ബേക്കറികള്‍ തുറന്നതെന്ന് പ്രാദേശിക മാധ്യമമായ അരിയാന ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

തബാസം ചാരിറ്റി ബേക്കറികളിലൂടെ പ്രതിസന്ധി നേരിടുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് ഒരാഴ്ചയ്ക്കിടെ ഭക്ഷണമെത്തിക്കാന്‍ ഹസാര ഫൗണ്ടേഷന് സാധിച്ചത്. റിപ്പോര്‍ട്ട്. കാബൂളിന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് ബേക്കറികള്‍ പ്രവര്‍ത്തിക്കുന്നത്.

പ്രതിദിനം മുന്നൂറോളം കുടുംബങ്ങള്‍ക്ക് തബാസത്തിന്റെ സേവനം ലഭ്യമാകുന്നുണ്ട്. രണ്ട് ബേക്കറികള്‍ പോരാതെ വരുമ്പോള്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ തുറക്കുമെന്നും ആളുകള്‍ക്ക് സഹായം എത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് തബാസം ചാരിറ്റി ബേക്കറിയില്‍ അംഗമായ മുഹമ്മദ് ഷരിഫ് തബിഷ് പ്രതികരിച്ചു.
അഫ്ഗാനിസ്ഥാനിലെ 3.9 കോടിയോളം ജനങ്ങളില്‍ 2.3 കോടി പേര്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്നും ഇവര്‍ക്ക് ഭക്ഷണമെത്തിക്കണമെങ്കില്‍ 2.6 ബില്യണ്‍ യു എസ് ഡോളറെങ്കിലും ആവശ്യമായി വരുമെന്നുമാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്ക്. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഫോറം ഫോര്‍ റൈറ്റ്സ് ആന്‍ഡ് സെക്യൂരിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഭക്ഷ്യപ്രതിസന്ധി 2022 മാര്‍ച്ച് വരെ തുടരുമെന്നാണ് കണക്കുകൂട്ടല്‍.
കോവിഡ് മഹാമാരി, വരള്‍ച്ച, ആഭ്യന്തര പ്രശ്നങ്ങള്‍, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയെല്ലാം ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാണ്. മാത്രമല്ല ഭക്ഷ്യ സുരക്ഷയ്ക്ക് ആവശ്യമായ ഫണ്ട് താലിബാന്‍ സര്‍ക്കാരിന് കണ്ടെത്താന്‍ സാധിക്കാത്തതും പ്രശ്‌നം ഗുരുതരമാക്കി. അഫ്ഗാനിസ്ഥാനിലെ ഭക്ഷ്യക്ഷാമം രൂക്ഷമാണെന്നും നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ കുട്ടികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേര്‍ പട്ടിണി കിടന്ന് മരിക്കുമെന്നും ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ റിലീസ് ചെയ്യണമെന്നാശ്യപ്പെട്ട് അമേരിക്കന്‍ എംബസിക്ക് മുന്നില്‍ ജനങ്ങള്‍ കഴിഞ്ഞ ആഴ്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

