ഹിജാബ്; കര്‍ണാടക ഹൈക്കോടതി തീരുമാനം പറയട്ടെയെന്ന് സുപ്രിം കോടതി

Web Desk
2 Min Read

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ ഹിജാബ് വിഷയത്തില്‍ സംസ്ഥാന ഹൈക്കോടതിയാണ് ആദ്യം തീരുമാനം എടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. കര്‍ണാടകത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തങ്ങള്‍ വീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

city exchange

ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു. കര്‍ണാടകത്തില്‍ നടക്കുന്നത് തങ്ങള്‍ വീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതിയാണ് ആദ്യം തീരുമാനം എടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി. എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്. ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

വിവാദം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ബന്ധപ്പെട്ട കക്ഷികളോട് ഉപദേശിച്ചു. ഹിജാബ് വിഷയത്തില്‍ വിധി വരും വരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു.

- Advertisement -
Ad image

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെതിരായ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുംവരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് ഇടക്കാല ഉത്തരവിലൂടെ കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഇടക്കാല ഉത്തരവ് നടപ്പിലാക്കുമ്പോള്‍ ഭരണഘടനയുടെ ഇരുപത്തി അഞ്ചാം അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങള്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

പതിനഞ്ചാം തിയ്യതി മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുമെന്നും അതിനാല്‍ ഇടക്കാല ഉത്തരവ് നടപ്പിലാക്കിയാല്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ ബുദ്ധിമുട്ടാകുമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇടക്കാല ഉത്തരവ് സിഖ് മത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പടെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടി.

ഹിജാബ് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസും സുപ്രിം കോടതിയെ സമീപിച്ചു. ഹിജാബ് ധരിക്കാനുള്ള മുസ്‌ലിം സ്ത്രീകളുടെയും വിദ്യാര്‍ഥിനികളുടെയും അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ്സും സുപ്രിം കോടതിയെ സമീപിച്ചത്. യൂത്ത് കോണ്‍ഗ്രസ് അഖിലിന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസാണ് സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

Share This Article
Leave a Comment
error: Content is protected !!