

പറവൂര്‍: ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ടേബിളില്‍ ഇരുന്ന യുവാവിന്റെ കൈ അബദ്ധത്തില്‍ ദേഹത്ത് കൊണ്ടതിനെ തുടര്‍ന്ന് തല അടിച്ചുപൊട്ടിച്ചു. സംഭവത്തില്‍ കണിച്ചുകുളങ്ങര കൊലക്കേസ് പ്രതിയെ പൊലീസ് തിരയുന്നു. ഇയാള്‍ ഒളിവിലാണ്.

ഭക്ഷണം കഴിക്കവെ കൈകൊണ്ടതിനാണ് കണിച്ചുകുളങ്ങര കൊലക്കേസിലെ ഏഴാം പ്രതി ഹിമാലയ ബിനീഷ് മേശമേലുണ്ടായിരുന്ന സ്റ്റീല്‍ മഗ്ഗ് കൊണ്ട് യുവാവിന്റെ തല അടിച്ചു പൊട്ടിച്ചത്. ഗുരുതരമായി പരുക്കേറ്റ മുനമ്പം കളപ്പുരക്കല്‍ പ്രദീപിന്റെ മകന്‍ പ്രശാന്തിനെ (29) പറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

ഹിമാലയ ബിനീഷിനോടൊപ്പമുണ്ടായിരുന്ന ചിന്നന്‍ ഹെല്‍മറ്റ്‌കൊണ്ട് പ്രശാന്തിനെ ദേഹമാസകലം അടിച്ചിരുന്നു. ചിന്നനെ മുനമ്പം എസ് ഐ ടി എസ് സനീഷ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
അക്രമത്തിന് പിന്നാലെ ഹിമാലയ ബിനീഷ് ഒളിവില്‍ പോയതായി പോലീസ് അറിയിച്ചു. കൊലപാതക കുറ്റത്തിന് ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ബിനീഷ് 2022ല്‍ മറ്റൊരു കേസിലെയും പ്രതിയാണ്.

