

കൊച്ചി: ഡോക്ടറെ ഹണി ട്രാപില്‍ കുടുക്കി പണം തട്ടിയ കേസില്‍ സ്ത്രീയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ എം എസിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എറണാകുളം തമ്മനം സ്വദേശി കാഞ്ഞിരത്തില്‍പറമ്പില്‍ വീട്ടില്‍ നസീമ (32), മരട് മച്ചിങ്ങല്‍ വീട്ടില്‍ മുഹമ്മദ് അമീന്‍ (43) എന്നിവരാണ് പിടിയിലായത്.

നസീമ കടവന്ത്ര പുതിയ റോഡില്‍ മുഴീക്കല്‍ വീട്ടില്‍ വാടകയ്‌ക്കെടുത്ത് താമസിച്ച് വരികയാണ്. എറണാകുളം സ്വദേശിയായ ഡോക്ടറെ ഫോണിലൂടെ സുഹൃത്ബന്ധം സ്ഥാപിക്കുകയും കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ നിമിഷങ്ങള്‍ അമീന്റെ സഹായത്തോടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി 5,44,000 രൂപ വാങ്ങിയെടുക്കുകയുമായിരുന്നു. അതോടൊപ്പം ഡോക്ടറുടെ കാര്‍ ബലമായി കൊണ്ടുപോയി പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍ എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയായിരുന്നു. അമീന്‍ തൃപ്പൂണിത്തുറ ഭാഗത്തുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുകയും ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നസീമയേയും കണ്ടെത്തുകയുമായിരുന്നു.
തട്ടിയെടുത്ത പണം ഇരുവരും തുല്യമായി വീതിച്ചെടുത്തതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ അജേഷ് ജെ, ബാബു പി എസ്, ബി ദിനേഷ്, എസ് സി പി ഒ പ്രമോദ് എസ്, സി പി ഒ ഡിനുകുമാര്‍, വിപിന്‍, ഷെമി എം എച്ച്, ജോതി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

