നിയമസഭാ തെരഞ്ഞെടുപ്പിലും സി പി എമ്മിനെ കാത്തിരിക്കുന്നത് വമ്പൻ തോൽവി: അടൂർ പ്രകാശ്

Web Desk
2 Min Read

പ്രവാസി ലോകത്തു നിന്നല്ല എവിടെ നിന്നും കോൺഗ്രസിന് എം എൽ എ മാരുണ്ടാകാം

ദോഹ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി പി എമ്മിനുണ്ടായ പരാജയമാണ് ഇടതുമുന്നണിയുടേതെന്ന് അടൂർ പ്രകാശ് എം പി. ഹൃസ്വ സന്ദർശനാർഥം ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാർത്തയോട് സംസാരിക്കുകയായിരുന്നു. സിപിഎമ്മിന്റെ വമ്പൻ പരാജയമാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാണാൻ പോകുന്നുത്. സി പി എം നടത്തുന്ന ഗൃഹസന്ദർശനങ്ങൾ മുൻകാലങ്ങളിലും നടന്നിട്ടുണ്ട്. അന്നും കേരളീയരെ വഞ്ചിക്കുന്ന തരത്തിൽ പലതും പറഞ്ഞിരുന്നു. പക്ഷേ ഇനി ആ വഞ്ചന നടക്കില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ഗൃഹസന്ദർശനമല്ല, എന്തെല്ലാം സന്ദർശനങ്ങൾ നടത്തിയാലും കേരളത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സി പി എം പരാജയപ്പെടും. വെള്ളാപ്പള്ളിയുമായുള്ള താങ്കളുടെ പ്രശ്നങ്ങൾ അവസാനിച്ചുവോ എന്ന ചോദ്യത്തിന് വെള്ളാപ്പള്ളിയുമായും വെള്ളാപ്പള്ളിയുടെ ആളുകളുമായും സംഘടനയുമായും കോൺഗ്രസിന് പ്രശ്നങ്ങളൊന്നുമില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലുള്ള എല്ലാ എം എൽ എമാരും മത്സരിക്കുമെന്നതാണ് നിലപാട്. എന്നാൽ മുതിർന്ന നേതാക്കളുടെ കാര്യത്തിൽ എ ഐ സി സിയാണ് തീരുമാനമെടുക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ വലിയ മാറ്റം ഉണ്ടാകുകയാണ്. കേരളം യു ഡി എഫിനെയാണ് പ്രതീക്ഷിക്കുന്നത്. യു ഡി എഫ് അധികാരത്തിലെത്തുന്ന സമയത്ത് കേരളത്തിൽ വലിയ മാറ്റം ഉണ്ടാകും. ഇന്ന് നിരവധി പ്രമുഖർ യു ഡി എഫിലേക്കും കോൺഗ്രസിലേക്കും വരുകയാണ്. അവരെ നേതാക്കളായി തന്നെയാണ് കാണുന്നതും സ്വീകരിക്കുന്നതും. ഇത് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ആലോചിച്ചെടുത്ത തീരുമാനങ്ങളാണ് ഇവ.മറ്റു പാർട്ടികളിൽ നിന്നുള്ള ആളുകളും അവരുടെ കുടുംബങ്ങളും കോൺഗ്രസിലേക്ക് വരുമെന്ന് നേരത്തെ തന്നെ തീരുമാനിച്ച കാര്യമാണ്. എന്നാൽ ഇതെല്ലാം തുറന്ന് പറയാൻ സാധിച്ചിരുന്നില്ല. വരണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്.ചില ആരോപണങ്ങൾ, വാർത്തകൾ, ചാനൽ ചർച്ചകൾ എന്നിവ ഉണ്ടാകാറുണ്ട്. എന്നാൽ അതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല. തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമെങ്കിലും സീറ്റുകളുടെ കാര്യത്തിൽ എത്ര ലഭിക്കും എന്ന് പറയാൻ കഴിയില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. അധികാരത്തിലേക്ക് വരണമെന്ന ആഗ്രഹം സ്വാഭാവികമാണ്. പക്ഷേ അതിനായി തെറ്റായ വഴികൾ സ്വീകരിക്കില്ല. മലിനമായ രാഷ്ട്രീയമാണ് നടക്കുന്നത് എന്ന ആരോപണം താൻ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയുമായി ദുബായിൽ ചർച്ച നടത്തിയതായി തനിക്ക് അറിയില്ലെന്നു പറഞ്ഞ അടൂർ പ്രകാശ് യു ഡി എഫിലെ രണ്ടാം കക്ഷിയാണ് മുസ്ലിം ലീഗെന്നും അവർ കൂടുതൽ സീറ്റുകൾ ചോദിക്കുന്നതിൽ തെറ്റില്ലെന്നും വിശദമാക്കി. കോൺഗ്രസിൽ നിന്നും ഒരു പ്രവാസി എം എൽ എ ഉണ്ടാകുമോ എന്ന ചോദ്യത്തിന് എവിടെ നിന്നും പ്രതിനിധികൾ ഉണ്ടാകാമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.പി വി അൻവർ ബേപ്പൂരിൽ സന്ദർശനം നടത്തിയതിൽ യു ഡി എഫിന് ബന്ധമില്ലെന്നും സീറ്റുകൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.യു ഡി എഫ് അധികാരത്തിൽ വന്നാൽ വി ഡി സതീശൻ മുഖ്യമന്ത്രിയാവുമോ എന്ന ചോദ്യത്തിന് അതൊക്കെ ആർക്കും ആവാമല്ലോ എന്നും എ ഐ സി സിയാണ് അക്കാര്യം തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

city exchange

Share This Article
Leave a Comment
error: Content is protected !!