ഐ സി ബി എഫ് റെസ്യൂമെ ക്ലിനിക്കിന് വന്‍ പ്രതികരണം

Web Desk
2 Min Read

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ഖത്തറിലെ തൊഴിലന്വേഷകര്‍ക്കായി സംഘടിപ്പിച്ച റെസ്യൂമെ ക്ലിനിക്കില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. തൊഴിലന്വേഷകരെ അവരുടെ അക്കാദമിക് യോഗ്യതകളും പ്രൊഫഷണല്‍ വൈദഗ്ദ്യവുമെല്ലാം നല്ല രീതിയില്‍ എകോപിപ്പിച്ചു തൊഴില്‍ ദാതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിലുള്ള ബയോഡാറ്റ എങ്ങിനെ തയ്യാറാക്കാം എന്നതായിരുന്നു രണ്ട് മണിക്കൂര്‍ നീണ്ട ക്ലിനിക്കിന്റെ ഉദ്ദേശ്യം.

city exchange

എഞ്ചിനീയറിംഗ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, പ്രോജക്ട് മാനേജ്മെന്റ് രംഗങ്ങളില്‍ പ്രാഗല്‍ഭ്യമുള്ള ടി മുബാറക് മുഹമ്മദ് ആണ് ക്ലാസ്സ് നയിച്ചത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി തൊഴിലന്വേഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക, നെറ്റ്‌വര്‍ക്കുകള്‍ വിപുലീകരിക്കുക, തൊഴില്‍ വിപണിയിലെ മത്സരത്തില്‍ മുന്നിലെത്തുക എന്നിവക്കുള്ള പ്രധാന ഉപകരണമായി മികച്ച നിലവാരമുള്ള ഒരു ബയോഡാറ്റാ എങ്ങിനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചുള്ള തന്റെ ഉള്‍ക്കാഴ്ചകള്‍ മുഹമ്മദ് മുബാറക് പങ്കുവെച്ചു.

ബയോഡാറ്റ വെറുമൊരു രേഖയല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മറിച്ച് അത് ഒരാളുടെ കഴിവുകളുടെയും പ്രൊഫഷണല്‍ വൈദഗ്ദ്യത്തിന്റെ യും തികഞ്ഞ പ്രതിഫലനമാണ്.

- Advertisement -
Ad image

ഐ ഐ സി സി കാഞ്ഞാണി ഹാളില്‍ നടന്ന ചടങ്ങില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ റെസ്യൂമെ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ശ്രദ്ധേയമായ ഒരു ബയോഡാറ്റ തയ്യാറാക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ചും നിയമന പ്രക്രിയയില്‍ തൊഴിലുടമകള്‍ ഈ രേഖകള്‍ എങ്ങനെ വിലയിരുത്തുന്നുവെന്നും ഇന്നത്തെ മത്സരാധിഷ്ഠിത തൊഴില്‍ വിപണിയില്‍ നന്നായി ചിട്ടപ്പെടുത്തിയ ഒരു ബയോഡാറ്റയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു.

ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി ക്ലാസ്സ് നയിച്ച മുബാറക് മുഹമ്മദിനെ പരിചയപ്പെടുത്തി കരിയര്‍ ഗൈഡന്‍സിലും കൗണ്‍സിലിംഗിലുമുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യം എടുത്തുപറഞ്ഞു.

പ്രോഗ്രാം കോര്‍ഡിനേറ്ററും ഐ സി ബി എഫ് സെക്രട്ടറിയുമായ മുഹമ്മദ് കുഞ്ഞി സ്വാഗതവും എം സി മെംബര്‍ അബ്ദുറൗഫ് നന്ദിയും പറഞ്ഞു.
ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ട്രഷറര്‍ കുല്‍ദീപ് കൗര്‍ ബഹല്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, ശങ്കര്‍ ഗൗഡ്, സമീര്‍ അഹമ്മദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ആധുനിക തൊഴില്‍ വിപണിയില്‍ വിജയിക്കാന്‍ ആവശ്യമായ അറിവും വൈദഗ്ദ്യവും സമ്മേളിപ്പിച്ച് തൊഴിലന്വേഷകരെ സജ്ജരാക്കുന്നതിലൂടെ അംഗങ്ങളുടെ പ്രൊഫഷണല്‍ വളര്‍ച്ചയ്ക്കും വിജയത്തിനുമുള്ള ഐ സി ബി എഫിന്റെ പ്രതിബദ്ധതയുടെ കൂടി തെളിവായി ഈ റെസ്യൂമെ ക്ലിനിക്ക്.

Share This Article
Leave a Comment
error: Content is protected !!