

ദോഹ: ശൂറാ കൗണ്‍സിലിലേക്ക് നേരിട്ടുള്ള ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടിംഗ് വൈകിട്ട് ആറു വരെ തുടരും.

ശൂറാ കൗണ്‍സിലിന്റെ 45 സീറ്റുകളില്‍ 30 എണ്ണത്തിലേക്ക് 27 വനിതകള്‍ ഉള്‍പ്പെടെ 234 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ബാക്കി 15 അംഗങ്ങളെ ഖത്തര്‍ ഭരണഘടന അനുശാസിക്കുന്ന പ്രകാരം അമീര്‍ നിയമിക്കും.

ഖത്തറിന്റെ വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന 30 തെരഞ്ഞെടുപ്പ് ജില്ലകളിലാണ് വോട്ടിംഗ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പോളിംഗ് പുരോഗമിക്കുന്നത്.
നേരത്തെ 284 പേരാണ് സ്ഥാനാര്‍ഥികളാകാന്‍ പേര് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പിന്നീട് 50 പേരെ ഒഴിവാക്കുകയായിരുന്നു. യോഗ്യതയുള്ള വോട്ടുകളുടെ ആപേക്ഷിക ഭൂരിപക്ഷം നേടുന്ന സ്ഥാനാര്‍ഥികളാണ് ശൂറാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുക. രണ്ടോ അതിലധികമോ സ്ഥാനാര്‍ഥികള്‍ക്ക് തുല്യ വോട്ടുകള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി തലവന്‍ വിജയിയെ തെരഞ്ഞെടുക്കാന്‍ കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്തും.

