
കെ മുഹമ്മദ് ഈസ

നാണയമിട്ട് പാട്ടുകേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് കേട്ട എത്രയോ മാപ്പിളപ്പാട്ടുകളില്‍ വി എം കുട്ടി മാഷിന്റെ ശബ്ദം കൊതിയോടെ കേട്ടുനിന്നിട്ടുണ്ട്.

1975 കാലഘട്ടത്തില്‍ ഗള്‍ഫിലേക്ക് വരാനായി പാസ്‌പോര്‍ട്ടെടുക്കാന്‍ മദിരാശിയില്‍ പോയപ്പോള്‍ അവിടെ വെച്ചും ഹോട്ടലില്‍ നിന്ന് കോയിന്‍ ഇട്ട് റേഡിയോയിലെ പാട്ടുകള്‍ കേട്ടു. അതൊരു മനസ്സിനെ തൊടുന്ന ഓര്‍മയാണ്.


ഉമ്മാന്റെ കുടുംബക്കാര്‍ മലപ്പുറത്തായിരുന്നതിനാല്‍ കൊണ്ടോട്ടിയിലും വേങ്ങരയിലും മലപ്പുറത്തുമൊക്കെയായി പല തവണ പരിപാടികളിലും നേര്‍ച്ചകളിലുമെല്ലാം വി എം കുട്ടിപാട്ടുപാടുന്നത് നേരില്‍ കാണാനും കേള്‍ക്കാനുമുള്ള ഭാഗ്യം ചെറുപ്പത്തില്‍ തന്നെയുണ്ടായിരുന്നു.
ഖത്തറില്‍ വന്നതിന് ശേഷം 1978 ഏപ്രില്‍ 19നാണ് വി എം കുട്ടി മാഷെ ആദ്യമായി പരിചയപ്പെടുന്നതും സംസാരിക്കുന്നതും. അതിനുശേഷം പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏറ്റവും അവസാനം അദ്ദേഹത്തെ കണ്ടത് രണ്ടു വര്‍ഷം മുമ്പായിരുന്നു. 2019 ഫെബ്രുവരി 27നാണ് ഞാനദ്ദേഹത്തെ അവസാനമായി കണ്ടത്.

ഓര്‍ത്തെടുക്കാനാണെങ്കില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട എത്രയോ വിശേഷങ്ങളുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകള്‍ തന്നെയാണല്ലോ ഓര്‍മകളും. കാളപൂട്ടിന്നതിശയം, മാളികയില്‍ മുടിചൂടി വിളങ്ങുന്ന, മൈലാഞ്ചി കൊമ്പൊടിച്ച് തുടങ്ങി എത്രയെത്ര പാട്ടുകള്‍ ഇഷ്ടഗാനങ്ങളായി അന്നും ഇന്നും എന്നുമുണ്ട്. സംകൃതപമഗരി എന്നുതുടങ്ങുന്ന ഗാനത്തെ കുറിച്ച് പറയേണ്ടതുമില്ലല്ലോ.
കിളിയേ ദിഖ്‌റ് പാടി കിളിയേ, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅബം കിനാവുകണ്ട്, അറബ്‌നാട്ടില്‍ അകലെയെങ്ങാണ്ടിരിക്കും, ജാതി നോക്കും, ആമിനബീവിക്കോമനമോനേ, ഹല്ലാക്കായുള്ളോനേ തുടങ്ങി മാഷ് പാടിയതും എഴുതിയതും സംഗീതം ചെയ്തതുമായ എത്രയോ പാട്ടുകള്‍ മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനസ്സിലും നാവിലും എപ്പോഴുമുണ്ടാകും.

മാപ്പിളപ്പാട്ടുകള്‍ എഴുതിയും സംഗീതം നല്കിയും പാടിയും മാത്രമല്ല കഴിവുള്ള കലാകാരന്മാരെ വളര്‍ത്തിക്കൊണ്ടുവന്നും അദ്ദേഹം കലാസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുണ്ട്. വിളയില്‍ ഫസീല, മുക്കം സാജിത, മൂവാറ്റുപുഴ നിസമോള്‍, മണ്ണുൂര്‍ പ്രകാശ്, ആയിഷ സഹോദരിമാര്‍ തുടങ്ങി എത്രയെത്ര പേരുകള്‍ ആ നിരയില്‍ എടുത്തുപറയാനുണ്ടാവും.
പക്കര്‍ പന്നൂര്‍, ഹസ്സന്‍ നെടിയനാട്, ഒ എം കരുവാരക്കുണ്ട്, ബാപ്പു വെള്ളിപ്പറമ്പ് തുടങ്ങിയവരെ മാപ്പിളപ്പാട്ട് രംഗത്തു കൊണ്ടുവരികയും അവര്‍ക്ക് പ്രചോദനം നല്കുകയും ചെയ്യുന്നതിലും വി എം കുട്ടി മാഷിന്റെ വലിയ സംഭാവനകളുണ്ട്. വടകര കൃഷ്ണദാസ്, ചാന്ദ്പാഷ തുടങ്ങിയ പ്രഗത്ഭരെ ഉപയോഗപ്പെടുത്തി വി എം കുട്ടി പല പാട്ടുകളും ട്യൂണ്‍ ചെയ്യിച്ചതിനോടൊപ്പം വടകരയില്‍ പി ടി അബ്ദുറഹ്മാന്റെ വീട്ടില്‍ ചെന്നിരുന്ന് നല്ല പാട്ടുകള്‍ എഴുതിക്കുകയും ചെയ്തിട്ടുണ്ട്.

ആറുപതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന വ്യക്തിത്വമാണ് വി എം കുട്ടി മാഷിന്റേത്. പുതിയ പരീക്ഷണങ്ങള്‍കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ ജീവിതം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. മാപ്പിളപ്പാട്ട് ഗായകന്‍ എന്ന നിലയില്‍ കേരളത്തിലെ പഴയതും പുതിയതുമായ തലമുറകള്‍ക്ക് ഒരുപോലെ സുപരിചിതനായ വ്യക്തിത്വമാണ് വി എം കുട്ടി മാഷ് എന്ന വടക്കേങ്ങര മുഹമ്മദ് കുട്ടി സാഹിബിന്റേത്.
ഗാനാപാനത്തില്‍ മാത്രമല്ല ചെറുപ്പം മുതല്‍ ചിത്രരചന, അഭിനയം എന്നിവയിലും വളരെ തത്പരനായിരുന്നു അദ്ദേഹം. അത്ഭുതം തോന്നിപ്പോകും അദ്ദേഹത്തിന്റെ കഴിവുകള്‍ നേരില്‍ കാണുന്നവര്‍ക്ക്. ഈയുള്ളവന്‍ പ്രസിഡന്റായ അസോസിയേഷന്‍ ഫോര്‍ സോഷ്യോ ആന്റ് ഹ്യുമാനിറ്റേറിയന്‍ ആക്ടിവിറ്റീസ് (ആശ) എന്ന സംഘടന എല്ലാ വര്‍ഷവും കോഴിക്കോടു നടത്താറുള്ള പരിപാടികളിലെല്ലാം അതിഥിയായോ ഗായകനായോ സജീവ സാന്നിധ്യമായി അദ്ദേഹം ഉണ്ടാകാറുണ്ടായിരുന്നു. ഒരിക്കല്‍ ടാഗോര്‍ ഹാളില്‍ വി എം കുട്ടിയെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചതോടൊപ്പം അദ്ദേഹം വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളാണ് കാണാനെത്തിയത്. പാട്ടില്‍ മാത്രമല്ല അദ്ദേഹത്തിന് കഴിവുകളുള്ളതെന്ന് നിരവധി പേര്‍ക്ക് തിരിച്ചറിയാന്‍ ആ പരിപാടി കാരണമായി. അത്തരത്തില്‍ സകലകലാവല്ലഭനായിരുന്നു അദ്ദേഹം.
ഗാനരചന, ഗ്രന്ഥരചന, ചിത്രരചന, അഭിനയം, പിന്നണി ഗായകന്‍ തുടങ്ങി എല്ലാ മേഖകളിലും അദ്ദേഹം പ്രഗത്ഭനായിരുന്നു. 1954ല്‍ കോഴിക്കോട് ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ് ഈ രംഗത്തേക്ക് കുട്ടിമാഷ് ചുവടുവെച്ചത്. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് തുടങ്ങി നാടന്‍ ഗാനശാഖയിലും വി എം കുട്ടി മാഷിന് നല്ല പാണ്ഡിത്യമുണ്ട്.

മൈലാഞ്ചി, പതിനാലാം രാവ്, ഉത്പത്തി, സമ്മാനം, സമ്മേളനം, മാന്യമഹാജനങ്ങളേ, 1921, മാര്‍ക്ക് ആന്റണി എന്നീ ചിത്രങ്ങളില്‍ വി എം കുട്ടി മാഷ് പിന്നണിയും പാടിയിട്ടുണ്ട്.
മുസ്‌ലിം സമുദായത്തില്‍ മാത്രം പ്രചാരമുണ്ടായിരുന്ന മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ നിസ്തുലമായ സംഭാവനയാണ് വി എം കുട്ടി മാഷ് നല്കിയത്. മാപ്പിളക്കലകളായ ഒപ്പനയും വട്ടപ്പാട്ടും അറബനയും ദഫ്മുട്ടും കോല്‍ക്കളിയുമെല്ലാം മുഖ്യധാരയില്‍ കൊണ്ടുവന്നതിലും അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.
ഒരുപാട് പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇശല്‍ നിലാവ്, മാപ്പിളപ്പാട്ടിന്റെ ചരിത്ര സഞ്ചാരങ്ങള്‍, മാപ്പിളപ്പാട്ട് ചരിത്രവും വര്‍ത്തമാനവും, ഒപ്പനയെന്ന വട്ടപ്പാട്ട്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, ഭക്തിഗീതങ്ങള്‍, വൈക്കം മുഹമ്മദ് ബഷീര്‍, മാലപ്പാട്ട്, മാപ്പിളപ്പാട്ടിന്റെ തായ്‌വേരുകള്‍, കനിവും നിനവും, നാടകം മഹിമ, മൈത്രീ ഗാനങ്ങള്‍, മാപ്പിളപ്പാട്ടിന്റെ ലോകം, മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം എന്നിവ ഈ മേഖലയിലെ അനര്‍ഗ്ഗ സംഭാവനകളാണ്.

എത്ര പുരസ്‌ക്കാരങ്ങളും സ്വീകരണങ്ങളും അദ്ദേഹം ഏറ്റുവാങ്ങി എന്നതിന് കണക്കുണ്ടാവില്ല. അത്രയേറെ എണ്ണം നാട്ടിലും ഗള്‍ഫിലുമായി അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കേരള ഫോക്‌ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാനായും കേരള സംഗീത നാടക അക്കാദമിയുടെ അംഗവുമായുമൊക്കെ മികച്ച സേവനങ്ങളാണ് അദ്ദേഹം നിര്‍വഹിച്ചത്. സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് വേദികളിലാണ് വി എം കുട്ടി മാഷ് പാടിയത്. ഇതൊക്കെ എടുത്തു പറയാന്‍ മണിക്കൂറുകള്‍ ആവശ്യമായി വന്നേക്കും. അദ്ദേഹം മാപ്പിളപ്പാട്ടിന് നല്കിയ സംഭാവനകളെ കുറിച്ച് എത്ര പറഞ്ഞാലും തീരുകയുമില്ല.

കൊണ്ടോട്ടിയിലെ വൈദ്യര്‍ സ്മാരക അക്കാദമിയില്‍ 2011 മുതല്‍ അഞ്ചു വര്‍ഷം എനിക്ക് അംഗമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. എല്ലാ വര്‍ഷവും കൊണ്ടോട്ടിയില്‍ നടന്ന വൈദ്യര്‍ മഹോത്സവത്തില്‍ അദ്ദേഹം അതിഥിയായും ഉപദേശകനായുമൊക്കെ കൂടെയുണ്ടാകുമായിരുന്നു. സ്വന്തം അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും പരിപാടിയില്‍ പങ്കെടുത്ത് സന്തോഷിപ്പിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം മികവ് കാണിച്ചിരുന്നു.

ഖത്തറിലേക്കും അദ്ദേഹത്തെ പല തവണ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. എത്ര തവണയെന്ന എണ്ണം ഓര്‍മയില്‍ വരുന്നില്ല. അതില്‍ രണ്ടു മൂന്നു തവണ കൊണ്ടുവന്നത് മറക്കാന്‍ സാധിക്കാത്ത അനുഭവങ്ങളാണ്. മംവാഖ് എന്ന സംഘടനക്കുവേണ്ടി സെമിനാര്‍ ഉള്‍പ്പെടെയുള്ളവ നടത്താനും സാധിച്ചിട്ടുണ്ട്. വി എം കുട്ടിക്കു പുറമേ എസ് എ ജമീല്‍, കെ എം അഹമ്മദ്, ടി കെ ഹംസ, തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരേയും യതീന്ദ്രന്‍ മാസ്റ്ററേയും ഫൈസല്‍ എളേറ്റിലിനേയുമൊക്കെ കൊണ്ടുവരാനായത് അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. ആ സമയത്ത് സെമിനാറും ഗാനമേളയുമെല്ലാം സംഘടിപ്പിക്കാനായി.

പുതിയ തലമുറയും പഴയ തലമുറയും സംഗമിച്ച ഗാനമേള ഗള്‍ഫ് സിനിമയില്‍ സംഘടിപ്പിക്കാന്‍ സാധിച്ചതാണ് മറ്റൊരു മറക്കാനാവാത്ത ഓര്‍മ. അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന മാപ്പിളപ്പാട്ട് മത്സരത്തില്‍ പഴയ തലമുറയും പുതിയ തലമുറയും തുല്യമായ മാര്‍ക്ക് വാങ്ങിയതും കൗതുകമുള്ള അനുഭവമായിരുന്നു.

അന്ന് പഴയ തലമുറയെ പ്രതിനിധീകരിച്ച് വി എം കുട്ടി, മൂസ എരഞ്ഞോളി, പീര്‍ മുഹമ്മദ്, സിബില സദാനന്ദന്‍, റംലാ ബീഗം തുടങ്ങിയവരാണ് വേദിയിലെത്തിയത്. പുതിയ തലമുറയ്ക്കു വേണ്ടിയാവട്ടെ കണ്ണൂര്‍ ശരീഫ്, ഐ പി സിദ്ദീഖ്, എം എ ഗഫൂര്‍, രഹന, വിളയില്‍ ഫസീല എന്നിവരുമാണ് രംഗത്തുണ്ടായിരുന്നത്.

ആ പരിപാടിക്കു ശേഷം അഞ്ച് ജില്ലകള്‍ തമ്മിലും മാപ്പിളപ്പാട്ട് ഗാനമേള മത്സരം സംഘടിപ്പിച്ചു. അതും മറക്കാനാവാത്ത അനുഭവമായിരുന്നു. ഒരുപക്ഷേ മാപ്പിളപ്പാട്ട് ലോകത്തു തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന 65 കലാകാരന്മാരാണ് അല്‍ അറബി വോളിബോള്‍ ക്ലബ്ബില്‍ ഏകദേശം ഏഴു മണിക്കൂറോളം നടന്ന പരിപാടിയില്‍ പങ്കെടുത്തത്. കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ജില്ലകളും തൃശൂര്‍- പാലക്കാട് സംയുക്ത ജില്ലയുമായിരുന്നു അരങ്ങിലെത്തിയത്. അന്നത്തെ പരിപാടിയില്‍ വി എം കുട്ടി മാഷും എരഞ്ഞോളി മൂസയുമായിരുന്നു മുഖ്യാതിഥിയായും ജഡ്ജായും എത്തിയത്.

1978 ഏപ്രില്‍ 19നാണ് വി എം കുട്ടിയെ ആദ്യമായി പരിചയപ്പെട്ടത്. അഞ്ച് ദിവസം നീണ്ടുനിന്ന ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായാണ് വി എം കുട്ടി ഖത്തറിലുമെത്തിയത്. ദുബൈ, ഒമാന്‍ എന്നിവിടങ്ങളിലായിരുന്നു മറ്റു പരിപാടികള്‍. അന്നാണ് ഖത്തറില്‍ അദ്ദേഹം ആദ്യമായി വന്നത്.

ഖുറൈശി ഗോത്രത്തില്‍ ഹാഷിമി കുടുംബത്തില്‍ വന്നുദിച്ച യാസീനെ പൊന്നൊളിയമ്പുമോനേ എന്ന കൃഷ്ണദാസ് മാഷോടൊപ്പം വി എം കുട്ടി വേദികളില്‍ പാടുന്നത് എനിക്കിഷ്ടവയായിരുന്നു. ഗാനമേളകളിലും നേര്‍ച്ചകളിലുമെല്ലാം കണ്ടിട്ടുള്ള അദ്ദേഹത്തെ നേരില്‍ പരിചയപ്പെട്ടതു മുതല്‍ തിരിഞ്ഞു നോക്കാതെ പോയ സൗഹൃദം രണ്ടു വര്‍ഷം മുമ്പ് അദ്ദേഹത്തെ നാട്ടില്‍ പോയി കണ്ടതാണ് അവസാനത്തേത്.
1999ന് ശേഷം വി എം കുട്ടിയെ ഒരുപാട് വേദികളില്‍ ഖത്തറിലേക്ക് കൊണ്ടുവരാനുള്ള ഭാഗ്യം ലഭിച്ചു. പല സംഘടനകള്‍ക്കു വേണ്ടിയും സ്വന്തമായ പരിപാടികള്‍ക്കുമൊക്കെയായി അദ്ദേഹത്തെ ഖത്തറില്‍ കൊണ്ടുവന്നിട്ടുണ്ട്. നാട്ടില്‍ കോഴിക്കോടും കൊണ്ടോട്ടിയിലും മലപ്പുറത്തുമെല്ലാം അദ്ദേഹത്തിന്റെ പരിപാടി നടത്താനും ഭാഗ്യം ലഭിച്ചു.
മാപ്പിളപ്പാട്ടിലെ പ്രഗത്ഭര്‍ ഓരോരുത്തരായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്- രണ്ടു വര്‍ഷം മുമ്പ് എരഞ്ഞോളി മൂസയും ഇപ്പോള്‍ വി എം കുട്ടി മാഷും.
ഇവരെയൊന്നും ഓര്‍ക്കാത്ത ഒരു ദിവസം പോലുമുണ്ടാകാറില്ല. വാഹനത്തില്‍ കയറിയാലും റേഡിയോ ഓണ്‍ചെയ്താലുമൊക്കെ ഇവര്‍ മുമ്പിലെന്ന പോലെ ഓര്‍മയിലെത്തും. നമ്മെ വിട്ടുപോയ കലാകാരന്മാരേയും നമ്മളെയുമെല്ലാം ദൈവം നാളെ ഒരുമിച്ചു കൂട്ടുമാറാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
ജാതിമത രാഷ്ട്രീയ വിഭാഗിയതയില്ലാതെ എല്ലാവരും ഒരുമിച്ചാണ് വി എം കുട്ടിയെ ഇരുകൈകളും നീട്ടി സ്വീകരിച്ചത്. കല എന്ന മനസ്സുമാത്രമാണ് ഇവിടെയെല്ലാം കാണുന്നത്. അതുതന്നെയാണ് കലയുടേയും മാപ്പിളപ്പാട്ടിന്റേയും വിജയം.

മാപ്പിളപ്പാട്ടിന്റെ ചരിത്രം എഴുതുമ്പോള്‍ ഇവരെയൊന്നും മാറ്റി നിര്‍ത്തി എഴുതാനാവില്ല. മോയിന്‍കുട്ടി വൈദ്യരും പുലിക്കോട്ടില്‍ ഹൈദരും തുടങ്ങി മണ്‍മറഞ്ഞുപോയ കവികള്‍ ഒരുപാടുണ്ട്. മൂസ എരഞ്ഞോളിയേയോ വി എം കുട്ടി മാഷിനേയോ ഒന്നും മാറ്റിനിര്‍ത്തി മാപ്പിളപ്പാട്ടുകളെ കുറിച്ച് എഴുതാനോ പറയാനോ സാധിക്കില്ല.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നു പറഞ്ഞതുപോലെ ചിലപ്പോഴെങ്കിലും തോന്നാറുണ്ട്. ഇവരുടെയെല്ലാം ഗാനങ്ങള്‍ കേരളത്തിന് പുറത്ത് വിവര്‍ത്തനം ചെയ്ത് കേള്‍ക്കുമ്പോള്‍ അതൊക്കെ അത്ഭുതത്തോടെ നോക്കിക്കാണുന്ന മറ്റു നാട്ടുകാരേയും കവികളേയും കണ്ടിട്ടുണ്ട്. ഇത്ര നല്ല വരികള്‍ എങ്ങനെ എഴുതാനാവുന്നുവെന്ന് അവര്‍ അത്ഭുതപ്പെടുന്നത് കണ്ടിട്ടുണ്ട്. കേവലം കുറച്ചുപേര്‍ മാത്രം കാണുകയും അറിയുകയും ചെയ്യുന്നതില്‍ ഒതുങ്ങിപ്പോയി നമ്മുടെ പാട്ടുകളും നമ്മുടെ രചനകളും സംഗീതവുമൊക്കെ.
എന്നാല്‍ ഇപ്പോള്‍ അതിനും മാറ്റം വന്നിട്ടുണ്ട്. മാധ്യമങ്ങള്‍ പലതും വെളിച്ചത്തിലേക്ക് എത്തിക്കുന്നുണ്ട്. അതിനുള്ള നന്ദി മാധ്യമങ്ങളെ അറിയിക്കുന്നു. പലരുടേയും കഴിവുകള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങള്‍ നടത്തുന്നുണ്ട്. ഒരുപാട് പ്രഗത്ഭരെ കണ്ടെത്താനും മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട പഴയവരെയെല്ലാം കണ്ടെത്തി സമൂഹത്തിന് മുന്നിലെത്തിക്കാനുമൊക്കെ മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിലൊക്കെ പഴയവരെ കണ്ടെത്തി പല റൗണ്ടുകള്‍ക്കും അവരുടെ പേര് നല്കുകയും അവരുടെ ഗാനങ്ങള്‍ അവതരിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ചാന്ദ്പാഷ, പി ടി അബ്ദുറഹ്മാന്‍, ആയിഷ ബീഗം, കെ ജി സത്താര്‍ തുടങ്ങിയവര്‍്‌കൊക്കെ പേരുവെച്ച് റൗണ്ടുകള്‍ കണ്ടിട്ടുണ്ട്. പുതിയ തലമുറയുടെ മനസ്സിലേക്ക് ഇവരെയൊക്കെ എത്തിക്കാനാവുന്നു എന്നതാണ് അതിന്റെ ഗുണം.
ഒരു കാലത്ത് പുതിയ തലമുറയൊന്നും രംഗത്തില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ മാപ്പിളപ്പാട്ടിന് അത്തരമൊരു അവസ്ഥയുണ്ടെന്ന് തോന്നുന്നില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതിയ എത്രയോ ആളുകള്‍ ഈ രംഗത്ത് എത്തിയിട്ടുണ്ട്. ഒരുപാട് യുവരക്തങ്ങള്‍ നല്ല രീതിയില്‍ പഠിച്ച് ഗവേഷണം ചെയ്ത് ഈ രംഗത്തേക്ക് വരുന്നുണ്ടെന്നത് പ്രതീക്ഷ നല്കുന്നുണ്ട്.
ഈ സന്തോഷം പങ്കുവെക്കാതെ വയ്യ

ശുക്കൂര്‍ ഉടുമ്പുന്തല രചിച്ച് ഞാന്‍ ആലപിച്ച മദീനയിലെ കാറ്റ് എന്ന പേരുള്ള എട്ടു പാട്ടുകള്‍ അടങ്ങിയ സി ഡിയുടെ റിലീസിന് വി എം കുട്ടി ഉള്‍പ്പെടെയുള്ള നിരവധി പ്രഗത്ഭര്‍ എത്തിച്ചേര്‍ന്നത് സന്തോഷത്തോടെയല്ലാതെ ഓര്‍ക്കാനാവില്ല. കാലിക്കറ്റ് ടവറിലെ സി ഡി റിലീസിന് വി എം കുട്ടി മാഷെ ക്ഷണിക്കാനായി അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അദ്ദേഹത്തിന് അസുഖമുണ്ടായിരുന്നു. എന്നാല്‍ പരിപാടിക്ക് താനെന്തായാലും എത്തിച്ചേരുമെന്് പറഞ്ഞ് ഡയറിയില്‍ തിയ്യതി കുറിച്ചുവെച്ചു. അദ്ദേഹം പരിപാടിയില്‍ ആദ്യം മുതല്‍ അവസാനം വരെ പങ്കെടുക്കുകയും ചെയ്തു. പാട്ടുകേട്ട് ഹൃദയം തൊടുന്ന അഭിപ്രായമാണ് അന്ന് വി എം കുട്ടി രേഖപ്പെടുത്തിയത്.
വിദ്യാധരന്‍ മാസ്റ്റര്‍, എരഞ്ഞോളി മൂസ, കുഞ്ഞിമൂസ, എം ജയചന്ദ്രന്‍ തുടങ്ങിയ പ്രഗത്ഭരോടൊപ്പം വി എം കുട്ടി മാഷും അന്നത്തെ പരിപാിട ധന്യമാക്കാനുണ്ടായിരുന്നു.
നടക്കാതെ പോയ രണ്ട് ആഗ്രഹങ്ങള്‍
വി എം കുട്ടി മാഷെ ഓര്‍ക്കുമ്പോള്‍ നടക്കാതെ പോയ രണ്ട് ആഗ്രഹങ്ങള്‍ മനസ്സില്‍ സങ്കടം തീര്‍ക്കുന്നുണ്ട്. ഒരിക്കല്‍ കൂടി ഖത്തറില്‍ വരണമെന്ന് എന്നോട് പറഞ്ഞതായിരുന്നു അതിലൊന്ന്. ഖത്തറിലേക്ക് കൊണ്ടുവരാമെന്നും മകനെ കൂടെ കൂട്ടി വരാമെന്നും ഞാനദ്ദേഹത്തിന് വാക്ക് കൊടുത്തതായിരുന്നു. ഖത്തറില്‍ വന്ന് എല്ലാവരേയും ഒരിക്കല്‍ കൂടി നേരില്‍ കാണണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം കോവിഡ് കാലമായതിനാല്‍ നടത്തിക്കൊടുക്കാന്‍ സാധിച്ചില്ല.
രണ്ടാമത്തെ സങ്കടം അദ്ദേഹത്തെ ആദരിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.
കൊണ്ടോട്ടി എം എല്‍ എ ടി വി ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ വി എം കുട്ടിക്ക് നാടിന്റെ ആദരം നല്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് കോവിഡ് വ്യാപിച്ച് നാടും നഗരവും നിശ്ചലമായത്. ഞാനുള്‍പ്പെടെ നിരവധി പേര്‍ അടങ്ങുന്ന വലിയ സ്വാഗതസംഘം രൂപീകരിച്ചായിരുന്നു പരിപാടി പ്ലാന്‍ ചെയ്തത്. 2019 ഏപ്രില്‍ മാസത്തിലായിരുന്നു ആദരം ഒരുക്കാന്‍ നിശ്ചയിച്ചത്. ഒരുപക്ഷേ കേരളം ഇതുവരെ കണ്ടതില്‍വെച്ചേറ്റവും വലിയ ആദരവ് ആയേനേ ആ പരിപാടി. പക്ഷേ, അതിനു മുമ്പേ എല്ലാ ഇടങ്ങളും ലോക്ക്ഡൗണായി.
ഫൈസല്‍ എളേറ്റില്‍, നൗഷാദ് അരീക്കോട്, സി പി സൈതലവി, കാനേഷ് പൂനൂര്‍, ഒ എം കരുവാരകുണ്ട് തുടങ്ങി നിരവധി പ്രഗത്ഭര്‍ സ്വാഗതസംഘത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നു. കോവിഡ് വ്യാപനത്തോടെ ആദരം പരിപാടി നിന്നുപോയത് വലിയൊരു സങ്കടമായി അവശേഷിക്കുന്നു. ഇനിയൊരിക്കലും ആദരവ് ഏറ്റുവാങ്ങാതെ ആ വലിയ മനുഷ്യന്‍ മണ്ണിലേക്ക് മടങ്ങി.

