റായ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയ ഫിലിപ്പൈന്‍സില്‍ വന്‍ നാശനഷ്ടം

Web Desk
1 Min Read

മനില: ശക്തമായ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഫിലിപ്പൈന്‍സിലെ തെക്കന്‍, സെന്‍ട്രല്‍ ദ്വീപ് പ്രവിശ്യകളെ ദുരിതത്തിലാക്കി. കുറഞ്ഞത് മൂന്നുപേരെങ്കിലും മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് ലക്ഷത്തിലേറെ ഗ്രാമവാസികളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.

city exchange

കെട്ടിടങ്ങള്‍ തകര്‍ന്നും മരങ്ങള്‍ കടപുഴകിയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടും ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.

വ്യാഴാഴ്ചയാണ് ഫിലിപ്പൈന്‍സിന്റെ തെക്കുകിഴക്കന്‍ തീരത്ത് റായ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 155 മുതല്‍ 215 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിച്ച കാറ്റ് സമീപ വര്‍ഷങ്ങളില്‍ രാജ്യത്തെത്തിയ ഏറ്റവും വിനാശകാരിയാണ്.
ഒമിക്രോണ്‍ വകഭേദം രാജ്യത്ത് കണ്ടെത്തിയതിന് പിന്നാലെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നത് സുരക്ഷിത അകലം പാലിക്കാനും രോഗവ്യാപനം തടയാനുമുള്ള പ്രക്രിയകളെ സങ്കീര്‍ണമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റ് പ്രതിസന്ധി സൃഷ്ടിച്ച പ്രവിശ്യകളില്‍ വാക്‌സിനേഷന്‍ കാംപയിനുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

- Advertisement -
Ad image

കപ്പലുകളോടും ബോട്ടുകളോടും തീരങ്ങളില്‍ നങ്കൂരമിടാന്‍ നേരത്തെ തന്നെ നിര്‍ദ്ദേശം നല്കിയിരുന്നു. സെന്‍ട്രല്‍ സെബു പ്രവിശ്യയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. കൂടുതല്‍ അഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഏറ്റവും ചുരുങ്ങിയത് 62 നഗരങ്ങളിലും ഗ്രാമങ്ങളിലുമെങ്കിലും വൈദ്യുതി പൂര്‍ണമായോ ഭാഗികമായോ തകരാറിലായിട്ടുണ്ട്. പ്രതിവര്‍ഷം ഏകദേശം 20 കൊടുങ്കാറ്റുകളോ ചുഴലിക്കാറ്റുകളോ ഫിലിപ്പൈന്‍സിനെ ബാധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിംഗ് ഓഫ് ഫയര്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ലോകത്തിലെ ഏറ്റവും ദുരന്ത സാധ്യതയുള്ള രാജ്യങ്ങളിലൊന്നായാണ് ഫിലിപ്പൈന്‍സിനെ പരിഗണിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!