
അമ്മാന്‍/ തെഹ്റാന്‍: രാജ്യത്തിന്റെ വ്യോമപരിധിയില്‍ പ്രവേശിച്ച എട്ട് മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍സെപ്റ്റ് ചെയ്തതായി ജോര്‍ദാന്‍ സായുധസേന അറിയിച്ചു.

രാജ്യത്തിന്റെ വ്യോമപരിധിയില്‍ പ്രവേശിച്ച മിസൈലുകള്‍ ജനങ്ങള്‍ക്കും സ്വത്തിനും ഭീഷണിയാകുന്നതിന് മുമ്പ് സൈന്യം വിജയകരമായി തകര്‍ത്തതായി ജോര്‍ദാന്‍ വാര്‍ത്താ ഏജന്‍സി സായുധസേനയുടെ ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

കൃത്യമായ പ്രവര്‍ത്തന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് മിസൈലുകള്‍ ഇന്റര്‍സെപ്റ്റ് ചെയ്തതെന്ന് സൈനിക വക്താവ് പറഞ്ഞു. രാജ്യത്തിന്റെ വ്യോമപരിധി സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ദേശീയ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് നടപടി. നിലവിലുള്ള ഇടപെടല്‍ ചട്ടങ്ങള്‍ക്കനുസൃതമായാണ് സൈന്യം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ജോര്‍ദാനെ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി സായുധസേനയിലെ എല്ലാ വിഭാഗങ്ങളും ഉയര്‍ന്ന ജാഗ്രതയോടെയും പ്രൊഫഷണലിസത്തോടെയും പ്രവര്‍ത്തനം തുടരുകയാണെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സൈന്യം അറിയിച്ചു.
ഇറാന്റെ ലാരക് ദ്വീപില്‍ യു എസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ജോര്‍ദാനിലെ യു എസ് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് (ഐ ആര്‍ ജി സി) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജോര്‍ദാന്‍ സൈന്യത്തിന്റെ പ്രസ്താവന.
‘ആക്രമണകാരിക്ക് ശിക്ഷ’ എന്ന പേരില്‍ നടത്തിയ സംയുക്ത മിസൈല്‍- ഡ്രോണ്‍ ആക്രമണത്തില്‍ ജോര്‍ദാനിലെ കിങ് ഹുസൈന്‍, അല്‍ അസ്‌റഖ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ ഐ ആര്‍ ജി സി പറഞ്ഞു.
ആക്രമണത്തില്‍ സാങ്കേതിക- അറ്റകുറ്റപ്പണി അടിസ്ഥാന സൗകര്യങ്ങളും ശത്രുവിന്റെ യുദ്ധവിമാന വിന്യാസ കേന്ദ്രങ്ങളും തകര്‍ത്തതായും വലിയ നാശനഷ്ടം വരുത്തിയതായും ഐ ആര്‍ ജി സി അവകാശപ്പെട്ടു.
ഹോര്‍മുസ് കടലിടുക്കിന്മേലുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിയന്ത്രണം ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തില്‍ ശത്രുവിന്റെ നിരാശയ്ക്ക് ആക്രമണങ്ങളും കുറ്റകൃത്യങ്ങളും പരിഹാരമാകില്ലെന്നും ഓരോ ആക്രമണത്തിനും കൂടുതല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും ഐ ആര്‍ ജി സി മുന്നറിയിപ്പ് നല്‍കി.
ഇതിനിടെ, ഇറാനിലെ ലാരക് ദ്വീപിലുള്ള റവല്യൂഷനറി ഗാര്‍ഡിന്റെ രണ്ട് റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളില്‍ യു എസ് സേന ബോംബാക്രമണം നടത്തിയതായി നേരത്തെ അജ്ഞാത യു എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ ജസീറ അറബിക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹോര്‍മുസ് കടലിടുക്കിലേക്ക് നാവിക മൈനുകള്‍ വഹിക്കുന്ന മിസൈലുകള്‍ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഞായറാഴ്ച ആക്രമണം നടത്തിയതെന്ന് യു എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ജലപാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനായി യു എസ് സേന സ്ഥിതിഗതികള്‍ അടുത്തായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സജ്ജമാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

