
കൊച്ചി: ഏഷ്യാനെറ്റ്- ഹോട്ട്‌സ്റ്റാര്‍ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10ന്റെ വിജയി ഖത്തര്‍ പ്രവാസിയും ബി പി എസ് സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ശിവപ്രിയ സുരേഷ്. നടന്‍ ജയസൂര്യയില്‍നിന്ന് ശിവപ്രിയ വിജയിക്കുള്ള ട്രോഫിയും 50 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ഏറ്റുവാങ്ങി. അര്‍ജുന്‍ ഫസ്റ്റ് റണ്ണറപ്പും തീര്‍ഥ സത്യന്‍ മൂന്നാം സ്ഥാനവും നേടി.

ഗായിക കെ എസ് ചിത്രയോടൊപ്പം പരിപാടിയിലെ ജഡ്ജുമാരായിരുന്ന സിതാര കൃഷ്ണകുമാര്‍, വിധു പ്രതാപ് എന്നിവര്‍ സംഗീത പരിപാടികളിലായതിനെ തുടര്‍ന്ന് സംഗീത സംവിധായകരായ ഔസേപ്പച്ചന്‍, ഡി ഇമാന്‍, ഗായകന്‍ കെ എസ് ഹരിശങ്കര്‍ എന്നിവരാണ് ജഡ്ജിംഗ് പാനലില്‍ ഉണ്ടായിരുന്നത്. അവതാരകന്‍ മിഥുനിനോടൊപ്പം പരിപാടിയുടെ അവതാരകയായിരുന്ന വര്‍ഷയും പനിയെ തുടര്‍ന്ന് ഫൈനലില്‍ രംഗത്തുണ്ടായിരുന്നില്ല. സംഗീത രംഗത്തെ പ്രമുഖരായ കണ്ണൂര്‍ ശരീഫ്, മിഥുന്‍ എന്നിവരാണ് രണ്ട് ടീമുകളായി തിരിഞ്ഞ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ഥികളെ നയിച്ചിരുന്നത്.

മൂന്ന് ഘട്ടങ്ങളിലായി നടന്ന ഫൈനലില്‍ ആദ്യത്തെ രണ്ട് ഘട്ടങ്ങളില്‍ പ്രേക്ഷകരുടെ വോട്ടിംഗ് നില കൂടി പരിഗണിച്ചാണ് ടൈറ്റില്‍ വിന്നറെ തെരഞ്ഞെടുത്തത്. ഫസ്റ്റ് റണ്ണറപ്പ് അര്‍ജുന് ട്രോഫിയും 25 ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിച്ചത്. മറ്റു ഫൈനലിസ്റ്റുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിച്ചു.
ഫൈനലില്‍ ശിവപ്രിയയ്ക്കും അര്‍ജുനും പുറമേ തീര്‍ഥ, കൃഷ്ണശ്രീ, വൈശാഖന്‍ എന്നിവരാണ് മാറ്റുരച്ചത്. പ്രേക്ഷക വോട്ടിംഗിലൂടെ സൂര്യനാരായണനും ഫൈനലില്‍ പ്രവേശിച്ചിരുന്നെങ്കിലും കടുത്ത പനിയെ തുടര്‍ന്ന് അദ്ദേഹം രണ്ടാം റൗണ്ടില്‍ മത്സരത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
ജഡ്ജസിനേയും കാഴ്ചക്കാരേയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഒന്നര വര്‍ഷത്തോളമായി തുടരുന്ന സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10ലെ പല വിഭാഗങ്ങളിലും ശിവപ്രിയ സുരേഷ് കാഴ്ചവെച്ചത്. ഇംപ്രവൈസേഷന്‍ വിഭാഗത്തില്‍ നെഞ്ചില്‍ പഞ്ചബാണം, ഡു ഓര്‍ ഡൈ വിഭാഗത്തില്‍ സ്വര്‍ണമീനിന്റെ തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ച് നേരത്തെ ശിവപ്രിയ ഞെട്ടിച്ചിരുന്നു.
ഖത്തര്‍ പെട്രോളിയത്തിലെ ഉദ്യോഗസ്ഥനായ സുരേഷിന്റേയും കെന്‍സില്‍ ജോലി ചെയ്യുന്ന മഞ്ജുഷയുടേയും മൂന്നുമക്കളില്‍ രണ്ടാമത്തെയാളായ ശിവപ്രിയ ഒന്നാം ക്ലാസ് മുതല്‍ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ സംഗീത വിദ്യാര്‍ഥിനിയായിരുന്നു. ശിവപ്രിയയുടെ മൂത്ത സഹോദരി ശ്രീലക്ഷ്മി നൃത്തത്തിലും അനുജന്‍ വിഷ്ണുദേവ് ആര്‍ട്ടിലും ശ്രദ്ധേയരാണ്. കണ്ണൂര്‍ സ്വദേശികളാണ് ഇവര്‍.
മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, അറബിക്ക്, ബലൂഷി ഭാഷകളില്‍ ശിവപ്രിയ ഗാനങ്ങള്‍ ആലപിക്കാറുണ്ട്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഇന്ത്യന്‍ കമ്യൂണിറ്റിക്കായി സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ ശിവപ്രിയ നിത്യസാന്നിധ്യമാണ്.

