റെക്കോര്‍ഡ് പങ്കാളിത്തത്തോടെ ദോഹ അന്താരാഷ്ട്ര പുസ്തകമേള നാളെ ആരംഭിക്കും; 18 ലക്ഷത്തിലധികം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിന്

Web Desk
2 Min Read

ദോഹ: ഖത്തറിലെ ഏറ്റവും വലിയ സാംസ്‌കാരിക മേളകളിലൊന്നായ ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 35-ാമത് പതിപ്പ് 14ന് വ്യാഴാഴ്ച ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ പതിപ്പാണിതെന്ന് സംഘാടകര്‍ അറിയിച്ചു.

city exchange

സാംസ്‌ക്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന മേള മെയ് 23 വരെ തുടരും. അറബ് ലോകത്തെയും മറ്റു രാജ്യങ്ങളിലെയും എംബസികള്‍, മന്ത്രാലയങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയുടെ വിപുലമായ പങ്കാളിത്തം മേളയുടെ അന്തര്‍ദേശീയ പ്രാധാന്യം ഉയര്‍ത്തുന്നതായി സംഘാടകര്‍ വിലയിരുത്തുന്നു.

ഈ വര്‍ഷം 910 സ്റ്റാളുകളിലായി 2.31 ലക്ഷം ശീര്‍ഷകങ്ങളിലുള്ള 18.5 ലക്ഷത്തിലധികം പുസ്തകങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 143 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. കൂടാതെ 46 പാനല്‍ ചര്‍ച്ചകള്‍, 69 വര്‍ക്ക്ഷോപ്പുകള്‍, 46 സെമിനാറുകള്‍ എന്നിവയും പ്രധാന വേദിയില്‍ സംഘടിപ്പിക്കും.

ഖത്തര്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിച്ച പുസ്തകമേള ഡയറക്ടറും സാംസ്‌കാരിക മന്ത്രാലയത്തിലെ ലൈബ്രറീസ് വിഭാഗം ഡയറക്ടറുമായ ജാസിം അഹമ്മദ് അല്‍ ബുഐനൈന്‍ 37 രാജ്യങ്ങളില്‍ നിന്നായി 520 പ്രസാധക സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ടെന്ന് അറിയിച്ചു.

- Advertisement -
Ad image

സാഹിത്യ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, വിവിധ വിഷയങ്ങളിലുള്ള വര്‍ക്ക്ഷോപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിപുലമായ സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമാകും. ഖത്തറി എഴുത്തുകാരെയും അന്തര്‍ദേശീയ പ്രസാധകരെയും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആറു വിഭാഗങ്ങളിലായി നല്‍കുന്ന രണ്ടാം ദോഹ അന്താരാഷ്ട്ര പുസ്തകമേള പുരസ്‌ക്കാര ജേതാക്കളെയും പ്രഖ്യാപിക്കും.

പ്രധാന വേദിയില്‍ ഖത്തറിലെയും വിദേശ രാജ്യങ്ങളിലെയും എഴുത്തുകാരും ചിന്തകരും അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്ന സാഹിത്യ- ചിന്താ സംവാദങ്ങള്‍ നടക്കും. ‘കള്‍ച്ചറല്‍ സലൂണ്‍’ വിഭാഗത്തില്‍ പുസ്തക പ്രകാശനങ്ങളും എഴുത്തുകാരുമായുള്ള സംവാദങ്ങളും സംഘടിപ്പിക്കും.

വായനക്കാര്‍ക്ക് അനുയോജ്യമായ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന റീഡിംഗ് ഗൈഡ് സെഷനുകളും കുട്ടികള്‍ക്കായി പ്രത്യേകമായി ദോഹ ചില്‍ഡ്രന്‍സ് സോണ്‍ എന്ന വിഭാഗവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള ഇന്ററാക്ടീവ് പരിപാടികളും കലാപരിപാടികളും ഇവിടെ നടക്കും.

ഖത്തരി ഓതേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഖത്തറിനകത്തും പുറത്തുമുള്ള എഴുത്തുകാര്‍, ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ സാംസ്‌കാരിക- ബൗദ്ധിക പരിപാടികളും നടക്കും. ഖത്തറി എഴുത്തുകാരുടേയും പ്രവാസി രചയിതാക്കളുടേയും 100ലധികം പുതിയ പുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്യും.

പ്രതിദിനം രാവിലെ 9 മുതല്‍ രാത്രി 10 വരെയാണ് മേള പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 3 മണി മുതല്‍ രാത്രി 10 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.

കുട്ടികളെയും യുവ വായനക്കാരെയും കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി പ്രത്യേക പദ്ധതികളും ഈ വര്‍ഷം നടപ്പാക്കിയിട്ടുണ്ട്. വായന പ്രോത്സാഹിപ്പിക്കാന്‍ 12 സ്‌കൂളുകള്‍ സന്ദര്‍ശിച്ച മൊബൈല്‍ ലൈബ്രറി ബസും ഇതിന്റ ഭാഗമായിരുന്നു.

1972ല്‍ ആരംഭിച്ച ദോഹ അന്താരാഷ്ട്ര പുസ്തകമേള പശ്ചിമേഷ്യയിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ പുസ്തകമേളകളിലൊന്നായി കണക്കാക്കപ്പെടുന്നു. ആദ്യകാലത്ത് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തിയിരുന്ന മേള 2002 മുതല്‍ വാര്‍ഷിക പരിപാടിയായി മാറി. 2010 മുതല്‍ എല്ലാ വര്‍ഷവും ഒരു അതിഥി രാജ്യത്തെ മേള പ്രത്യേകമായി ആദരിക്കുന്ന പതിവും തുടരുന്നു.

Share This Article
Leave a Comment
error: Content is protected !!