
മുംബൈ: ഹോര്‍മുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്നതിനിടെ ഓയില്‍ ടാങ്കറിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരനായ കപ്പല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. മുംബൈയിലെ കന്ദിവളി സ്വദേശി ദിക്ഷിത് സോളങ്കി (33) ആണ് മരിച്ചത്.

ദിക്ഷിത് സോളങ്കി ജോലി ചെയ്തിരുന്ന വ്യാപാര കപ്പല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോഴാണ് ആക്രമണം നടന്നതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ കടല്‍ തൊഴിലാളികളുടെ സംഘടന നാഷണല്‍ യൂണിയന്‍ ഓഫ് സീഫാരേഴ്‌സ് ഓഫ് ഇന്ത്യ അന്താരാഷ്ട്ര വ്യാപാര കപ്പലുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നാവികരുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.

സംഘര്‍ഷ സാധ്യതയുള്ള സമുദ്ര പാതകളിലൂടെ കപ്പല്‍ സര്‍വീസുകള്‍ പുനഃപരിശോധിക്കണമെന്നും ക്രൂ അംഗങ്ങള്‍ക്ക് ശക്തമായ സുരക്ഷാ നടപടികള്‍ ഉറപ്പാക്കണമെന്നും സംഘടന ഷിപ്പിംഗ് കമ്പനികളോടും അന്താരാഷ്ട്ര കടല്‍ഗതാഗത അധികാരികളോടും ആവശ്യപ്പെട്ടു.
സംഭവത്തില്‍ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കണമെന്നും ഇന്ത്യ സര്‍ക്കാര്‍ ഇടപെടണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.
മൃതദേഹം മുംബൈയില്‍ എത്തിക്കുന്നതിന് ഷിപ്പിംഗ് കമ്പനികളുമായി കൂടിയാലോചിച്ച് നയതന്ത്ര മാര്‍ഗങ്ങളിലൂടെ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അമ്മയുടെ മരണത്തെ തുടര്‍ന്ന് കുറച്ച് കാലം അവധിയിലായിരുന്ന സോളങ്കി അടുത്തിടെയാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്.

