ഐ സി ബി എഫിന്റെ ആദ്യ അപ്സ്‌കില്‍ കോഴ്സ് വിജയകരമായി പൂര്‍ത്തിയായി

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്), നൈപുണ്യ വികസന പദ്ധതിയായ അപ്സ്‌കില്ലിംഗ് ഇനിഷ്യേറ്റീവിന്റെ ആദ്യ ബാച്ച് വിജയകരമായി പൂര്‍ത്തിയാക്കി. ഇതിന്റെ സമാപന ചടങ്ങ് ഐ സി ബി എഫ് കാഞ്ഞാണി ഹാളില്‍ നടന്നു.

city exchange

അതിവേഗം മാറിക്കൊണ്ടിരിക്കുന്നതും മത്സരാധിഷ്ഠിതവുമായ ആഗോള തൊഴില്‍ വിപണിയില്‍ തുടര്‍ച്ചയായ നൈപുണ്യ വികസനം ഇന്ന് ഒരു അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞാണ് ഖത്തറിലെ ഇന്ത്യന്‍ പ്രവാസി തൊഴിലാളി സമൂഹത്തിനിടയില്‍ ആവശ്യമായ നൈപുണ്യ വിടവുകള്‍ നികത്തുന്നതിനും തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഐ സി ബി എഫ് അപ്സ്‌കില്ലിംഗ് ഇനിഷ്യേറ്റീവ് ആരംഭിച്ചത്.

വ്യത്യസ്ത തൊഴില്‍ സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്ന പ്രൊഫഷണലുകളുടെ കരിയര്‍ വളര്‍ച്ചയില്‍ പ്രായോഗികവും ലക്ഷ്യബദ്ധവുമായ പരിശീലനത്തിന് നിര്‍ണായകമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന ആശയത്തിലാണ് ഈ പദ്ധതി രൂപപ്പെടുത്തിയത്.

ഈ സംരംഭത്തിന് കീഴില്‍ ആരംഭിച്ച ആദ്യ പരിശീലന പരിപാടിയായിരുന്നു മൂന്ന് മാസം ദൈര്‍ഘ്യമുള്ള സ്പോക്കണ്‍ അറബിക് പ്രാരംഭ കോഴ്സ്. 2026 ജൂണില്‍ ആരംഭിച്ച കോഴ്സ്, തൊഴില്‍ അന്വേഷകരെയും ജോലി ചെയ്യുന്ന പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് അടിസ്ഥാന അറബിക് ആശയവിനിമയ ശേഷി വികസിപ്പിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതായിരുന്നു.

- Advertisement -
Ad image

തൊഴില്‍ സ്ഥലങ്ങളിലെ ആശയവിനിമയം മുതല്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ അവശ്യ സേവന കേന്ദ്രങ്ങളില്‍ ഇടപെടുന്നതുവരെയുള്ള ദൈനംദിന ആവശ്യങ്ങളില്‍ പ്രയോജനപ്പെടുന്ന അടിസ്ഥാന അറബിക് ഭാഷാ പരിജ്ഞാനം നേടാന്‍ പരിശീലനം സഹായിച്ചു. 20-ലധികം പഠിതാക്കള്‍ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി. സമാപന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ഐ സി ബി എഫ് ആക്ടിംഗ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ലീഡ് ട്രെയിനര്‍ ഫൈസല്‍ നിയാസ് ഹുദവി, സെക്രട്ടറി ജാഫര്‍ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഏകോപനം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മിനി സിബിയും ശങ്കര്‍ ഗൗഡും നിര്‍വഹിച്ചു.

ആദ്യ ബാച്ചിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിന്റെ പശ്ചാത്തലത്തില്‍, സമാനമായ കൂടുതല്‍ നൈപുണ്യ വികസന പരിപാടികള്‍ ഭാവിയില്‍ വിപുലീകരിക്കാനുള്ള പ്രതിബദ്ധത ഐ സി ബി എഫ് ആവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!