
തിരുവനന്തപുരം: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ആവിഷ്‌കരിച്ച പുതിയ കാരുണ്യ പദ്ധതിയായ ‘രിഫായി കെയര്‍’ സമര്‍പ്പണം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു.

പ്രത്യേക പരിഗണനയും പരിചരണവും ആവശ്യമുള്ള ആയിരം കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഈ പദ്ധതി കേരളത്തിന് വലിയൊരു പ്രതീക്ഷയാണ് നല്‍കുന്നത്. പാവപ്പെട്ട മനുഷ്യര്‍ക്കായി ജീവിതം സമര്‍പ്പിച്ച രിഫായി ശൈഖിന്റെ സ്മരണാര്‍ഥമാണ് സംഘടന ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്താകെ തെരഞ്ഞെടുക്കപ്പെടുന്ന ഓട്ടിസം ബാധിച്ച ആയിരം കുഞ്ഞുങ്ങള്‍ക്ക് മാസത്തില്‍ 2500 രൂപ പ്രകാരം വര്‍ഷത്തില്‍ 30,000 രൂപ വീതമാണ് സാമ്പത്തിക സഹായം നല്‍കുക.

മക്കളുടെ വളര്‍ച്ചക്കനുസരിച്ച് തലപോലും ഉറക്കാത്തവര്‍, സ്വന്തമായി എഴുന്നേറ്റിരിക്കാനോ നടക്കാനോ കഴിയാത്തവര്‍, വിശപ്പും ദാഹവും പുറത്തുപറയാന്‍ അറിയാത്തവര്‍ തുടങ്ങി ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് നിഴലായി ജീവിക്കുന്ന ഒട്ടേറെ മാതാക്കള്‍ നമുക്ക് ചുറ്റിലുമുണ്ട്. സ്വന്തം ജീവിതം പോലും മറന്ന് ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അത്തരം മാതാക്കളെ ചേര്‍ത്തുപിടിക്കാനാണ് ഐ സി എഫ്. മുന്‍ഗണന നല്‍കുന്നത്. സ്‌നേഹത്തിന്റെ നനവുള്ള അനശ്വരമായ ഒരു സ്മാരകമായാണ് ‘രിഫായി കെയര്‍’ പദ്ധതിയെ സംഘടന അവതരിപ്പിക്കുന്നത്.
കേരള മുസ്ലിം ജമാഅത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ സി എഫ്, പ്രവാസികളുടെ സാമൂഹികവും സാംസ്‌കാരികവും ഇസ്ലാമികവുമായ ഉന്നമനത്തിനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. പ്രവാസ ലോകത്തെയും കേരളത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മാനവികതയുടെ വലിയൊരു പാലമായി സംഘടന ഇതിനകം മാറിക്കഴിഞ്ഞു.
ലോകം കോവിഡ് പ്രതിസന്ധിയില്‍ ശ്വാസം മുട്ടിയ ഘട്ടത്തില്‍ ഐ സി എഫ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അതീവ ശ്രദ്ധേയമായിരുന്നു. സര്‍ക്കാരിന്റെ നോര്‍ക്ക ‘കെയര്‍ ഫോര്‍ കേരള’ പദ്ധതിയുടെ ഭാഗമായി വയനാട് മെഡിക്കല്‍ കോളേജിലും മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലും രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ നല്‍കിക്കൊണ്ട് സംഘടന മാതൃകയായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ‘മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയമുയര്‍ത്തി ‘രിഫായി കെയര്‍’ പദ്ധതി. ചേര്‍ത്തുപിടിക്കലാണ് ഏറ്റവും വലിയ പുണ്യം എന്ന സന്ദേശം പ്രാവര്‍ത്തികമാക്കുന്ന ഈ നിര്‍ണയം പ്രവാസി സമൂഹത്തിന്റെ മാതൃകാപരമായ ഇടപെടലുകളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്.

