
മനാമ: ഐ സി എഫ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ഖുര്‍ആന്‍ പ്രഭാഷണത്തിന് വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് തുടക്കമാകും. വെള്ളി, ശനി ദിവസങ്ങളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനുമായ ശാഫി സഖാഫി മുണ്ടമ്പ്ര ഖുര്‍ആന്‍ പ്രഭാഷണം നടത്തും.

ലോകത്തെ ഏറ്റവും ഉത്തമ കൃതിയായ ഖുര്‍ആനിന്റെ പ്രകാശം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2012ലാണ് ഐ സി എഫ് പ്രകാശതീരം പരിപാടിക്ക് തുടക്കം കുറിക്കുന്നത്. എല്ലാ വര്‍ഷവും റമദാന്‍ മാസത്തിന്റെ മുന്നോടിയായിട്ടാണ് ഖുര്‍ആന്‍ പ്രഭാഷണം സംഘടിപ്പിച്ചു വരുന്നത്. പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘം കമ്മറ്റിക്ക് കീഴില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.

‘റമദാന്‍ വിശുദ്ധിയുടെ മാസം’ എന്ന പ്രമേയത്തില്‍ നടക്കുന്ന റമദാന്‍ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പഠന പാരായണ മത്സരമായ തിലാവയില്‍ ബഹ്‌റൈനിലെ 11 മദ്രസ്സകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. റമദാന്‍ മുന്നൊരുക്കം, ഖുര്‍ആന്‍ പ്രഭാഷണം, ഇഫ്താര്‍ സംഗമങ്ങള്‍, സക്കാത്ത് ഡ്രൈവ്, സ്റ്റുഡന്‍സ് ഇഫ്താര്‍, സൗഹൃദ സംഗമം, റിലീഫ് പ്രവര്‍ത്തനങ്ങള്‍, ഈദ് സംഗമം എന്നിവയ്‌ക്കൊപ്പം റിജിയന്‍ കേന്ദ്രങ്ങളില്‍ ഹാദിയ വിമന്‍സ് അക്കാദമി, സ്റ്റുഡന്‍സ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിവിധ പരിപാടികളും നടക്കും.
മുഹറഖ് സയാനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഖുര്‍ആന്‍ പ്രഭാഷണ പരിപാടി ശ്രവിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടാവുമെന്നും ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ലഭ്യമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

