

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) സംഘടിപ്പിച്ച സി പി ആര്‍, പ്രഥമ ശുശ്രൂഷാ ക്യാമ്പ് സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍പ്പെട്ടവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

താമസസ്ഥലങ്ങളിലോ മറ്റോ ആര്‍ക്കെങ്കിലും ഹൃദയാഘാതം പോലുള്ള അത്യാഹിത സന്ദര്‍ഭം നേരിടേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട പ്രാഥമിക
നടപടികള്‍ പ്രായോഗികമായി കാണിച്ച് കൊണ്ടുള്ള ക്യാമ്പ് പങ്കെടുത്തവര്‍ക്ക് വളരെ ഉപകാരപ്രദമായി.
ഖത്തറില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ച് പ്രവാസികള്‍ മിനിമം അറിഞ്ഞിരിക്കേണ്ടതും സ്വീകരിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് പ്രായോഗിക പരിശീലനത്തിലൂടെ അറിവ് നല്‍കിക്കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഐ സി ബി എഫിന്റെ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന 40-ാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ഐ സി ബി എഫ് കാഞ്ചാണി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു.
ഗള്‍ഫ് നാടുകളില്‍ വര്‍ധിച്ചു വരുന്ന
ഹൃദയാഘാതത്തെക്കുറിച്ചും പ്രവാസികള്‍ അവരുടെ ആരോഗ്യ പരിപാലനത്തില്‍ പരമാവധി ശ്രദ്ധ ചെലുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ഹൃദയാഘാതം പോലുള്ള സന്ദര്‍ങ്ങളില്‍ പകച്ചു നില്കാതെ എത്രയും പെട്ടെന്ന് എമര്‍ജന്‍സി ആംബുലന്‍സ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും ഇത്തരം സന്ദര്‍ങ്ങളില്‍ ആദ്യ നിമിഷങ്ങള്‍ വളരെ നിര്‍ണായകമാണെന്നും ക്യാമ്പിന് നേതൃത്വം നല്‍കിയ ഹമദ് ഇന്റര്‍നാഷണല്‍ ട്രെയിനിംഗ് സെന്റര്‍ പരിശീലകന്‍ അബ്ദുല്‍ ലത്തീഫ് ചേരാപ്പയ് പറഞ്ഞു.
യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിര്‍ണായക സി പി ആര്‍ ടെക്‌നിക്കുകളെക്കുറിച്ചും ആവശ്യമായ പ്രഥമ ശുശ്രൂഷകളെക്കുറിച്ചും പ്രവാസികളെ പരമാവധി ബോധവത്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ സി ബി എഫ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
ഐ സി ബി എഫ് 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇനിയും ഇത്തരം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഐ സി ബി എഫിന് പദ്ധതികളുണ്ടെന്ന് നന്ദി പറഞ്ഞ ഐ സി ബി എഫ് സെക്രട്ടറിയും പരിപാടിയുടെ കോര്‍ഡിനേറ്ററുമായ മുഹമ്മദ് കുഞ്ഞി പറഞ്ഞു .
ഹമദ് മെഡിക്കല്‍ സെന്ററിലെ സിദ്ധീഖ് അജീസ് ഖാന്‍, സൗമ്യ ബോബി, സതീഷ് മുനിരത്നം എന്നിവരുള്‍പ്പെട്ട ടീമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.
ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ട്രഷറര്‍ കുല്‍ദീപ് കൗര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, ശങ്കര്‍ ഗൗഡ്, ഉപദേശക സമിതിഅംഗം ടി രാമശെല്‍വം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

