
കോഴിക്കോട്: ഇടിയങ്ങര ശൈഖ് പള്ളി മഖാമിലെ സൂഫിവര്യന്‍ ശംസുദ്ദീന്‍ അബുല്‍വഫാ അശ്ശൈഖ് മുഹമ്മദ് ബ്നു അലാഇദ്ദീനില്‍ ഹിമ്സി തങ്ങളുടെ 464-ാം ആണ്ട് നേര്‍ച്ച (അപ്പവാണിഭ നേര്‍ച്ച) ഫെബ്രുവരി ആറ് വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ശൈഖ് പള്ളി മഖാം മാനേജിങ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഫെബ്രുവരി നാലിന് രാവിലെ ഒന്‍പതിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൊടി ഉയര്‍ത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം എന്‍ അബ്ദുല്ല മുസ്ലിയാര്‍ ഓത്തിടല്‍ നടത്തും.

തുടര്‍ന്ന് നടക്കുന്ന പണ്ഡിത സംഗമം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ പ്രാര്‍ഥന നടത്തും.
എം ടി അബ്ദുല്ല മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. നന്തി ജാമിഅ ദാറുസ്സലാം പ്രിന്‍സിപ്പാല്‍ മൗലാനാ മൂസക്കുട്ടി ഹസ്റത്ത് മുഖ്യപ്രഭാഷണം നടത്തും. പി പി ഉമര്‍ മുസ്ലിയാര്‍ കോയ്യോട് പ്രസംഗിക്കും. അഞ്ചിന് മഖാം സിയാറത്തും കൂട്ട പ്രാര്‍ഥനയും നടക്കും. ആറിന് ഖത്മുല്‍ ഖുര്‍ആന്‍ ദുആക്ക് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. വി മൂസക്കോയ മുസ്ലിയാര്‍ വയനാട്, കെ കെ പി അബ്ദുല്ല മുസ്ലിയാര്‍ പാലത്തുംകര, അബ്ദുല്‍ ഗഫൂര്‍ ദാരിമി നരിപ്പറ്റ, മൊയ്തീന്‍കുട്ടി ഫൈസി പന്തല്ലൂര്‍, ഖാരിഅ് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മുണ്ടേരി പങ്കെടുക്കും. ഉച്ചക്ക് ഒന്നിന് അന്നദാനവും ഉണ്ടായിരിക്കും.
നേര്‍ച്ചയുടെ ഭാഗമായി ഫെബ്രുവരി ഒന്നിന് നടക്കുന്ന മതപ്രഭാഷണം സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. അറക്കല്‍ അബ്ദുറസാഖ് ദാരിമി പ്രഭാഷണം നടത്തും.
രണ്ടാം തിയ്യതി രാത്രി എട്ടിന് നടക്കുന്ന മജ്ലിസുന്നൂര്‍ ആത്മീയ സദസ്സ് സയ്യിദ് അസ്ലം മശ്ഹൂര്‍ തങ്ങള്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ മൊറയൂര്‍ അധ്യക്ഷനാകും. മൂന്നിന് രാത്രി എട്ടിന് സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, സയ്യിദ് ബാപ്പു തങ്ങള്‍ കുന്നുംപുറം എന്നിവരുടെ നേതൃത്വത്തില്‍ റാത്തീബ് നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ താഹിര്‍, എം അബ്ദുല്‍ ഗഫാര്‍ ദാരിമി പങ്കെടുത്തു.

