പത്രപ്രവര്‍ത്തകന് പോലീസ് മര്‍ദ്ദനം: മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Web Desk
1 Min Read

മലപ്പുറം:മാധ്യമം ദിനപത്രത്തിന്റെ ലേഖകനും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ.പി.എം റിയാസിനെ മര്‍ദ്ദിച്ച തിരുര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.സംഭവത്തില്‍ കമ്മീഷന്‍ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
കെ.പി. എം റിയാസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇക്കഴിഞ്ഞ ജൂലൈ 8 നാണ് സംഭവം. പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തൂര്‍ പുതുപള്ളിയിലെ കടയില്‍ നില്‍ക്കുമ്പോഴാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്ന് പരാതിക്കാരന്‍ അറിയിച്ചു. ഇടതുകാലിലും ഇരുതോളിലും കൈയിലും കാലിലും ലാത്തി ഉപയോഗിച്ച് ശക്തിയായി മര്‍ദ്ദിച്ചു. താന്‍ പത്രപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍ കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ചു. തുടര്‍ന്ന് പരാതിക്കാരന്‍ തിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സാധനങ്ങള്‍ വാങ്ങാനെത്തിയ തന്നെ അകാരണമായി മര്‍ദ്ദിച്ച സി ഐ, ടി.പി ഫര്‍ഷാദിനെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ചശേഷം കേസ് കമ്മീഷന്‍ പരിഗണിക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!