

കല്‍പകഞ്ചേരി: പഴയ കാലത്തെ ‘ഹൈപ്പര്‍മാര്‍ക്കറ്റുകള്‍’ ആയ കല്‍പകഞ്ചേരി ചന്ത കൂടുതല്‍ ജനപ്രിയമാകുന്നു. പതിറ്റാണ്ടുകളോളം മലപ്പുറത്ത് ഏറെ പ്രസിദ്ധമായിരുന്ന കല്‍പകഞ്ചേരി ചന്തയാണ് അഞ്ച് വര്‍ഷത്തോളമായി പുതിയ രൂപത്തിലും ഭാവത്തിലും ജനങ്ങളിലേക്ക് എത്തിയത്.

ചൊവ്വാഴ്ചകളില്‍ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കല്‍പകഞ്ചേരി ചന്തയില്‍ വന്‍ ജനാവലിയാണ് എത്തിച്ചേരുന്നത്. പണ്ടു കാലത്ത് വെറ്റില കയറ്റുമതിക്ക് പ്രശസ്തമായിരുന്നു കല്‍പകഞ്ചേരി ചന്ത. പിന്നീട് ചന്ത ഇല്ലാതാവുകയും വെറ്റില കയറ്റുമതി മാത്രമാവുകയും ചെയ്തു.


കോവിഡ് വ്യാപനത്തിന് തൊട്ടുമുമ്പാണ് കല്‍പകഞ്ചേരി ചന്ത വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. മൂപ്പന്‍മാരുടെ നേതൃത്വത്തില്‍ ആറുപതിറ്റാണ്ടുകളിലേറെ കാലം നിലനിന്നിരുന്ന ചന്ത നടന്നിരുന്ന സ്ഥലം പിന്നീട് ജമാഅത്ത് കമ്മിറ്റിയുടേതായി. അതോടെയാണ് വീണ്ടും ചന്തയ്ക്ക് പുനരുജ്ജീവനമുണ്ടായത്.

മഹല്ല് കമ്മിറ്റിക്ക് വരുമാനം ലഭിക്കുന്നു എന്നതിനപ്പുറം ചെറിയ വിലക്ക് സാധനങ്ങള്‍ ലഭിക്കുന്നു എന്നതാണ് കല്‍പകഞ്ചേരി ചന്തയുടെ പ്രത്യേകത. അവശ്യ സാധനങ്ങളും ഭക്ഷ്യവിഭവങ്ങളുമെല്ലാം ചന്തയില്‍ നിന്നും ഒരാഴ്ചത്തേക്ക് വാങ്ങുമ്പോള്‍ നല്ല തുക ലാഭിക്കാമെന്നതാണ് കുടുംബങ്ങളെ ഇതിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്.

മഹല്ല് കമ്മിറ്റിക്ക് ചന്തയിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ നിന്നും നാട്ടിലെ ദരിദ്രരെ സഹായിക്കാന്‍ ഉപയോഗിക്കുന്നതിലൂടെ മാതൃകാപരമായ പ്രവര്‍ത്തനം കൂടി ഇവിടെ നടക്കുന്നുണ്ട്. രോഗം, വീടുനിര്‍മാണം, വിദ്യാഭ്യാസം തുടങ്ങി നിരവധി കാര്യങ്ങള്‍ക്കാണ് ഈ തുക ചെലവഴിക്കപ്പെടുന്നത്.

ചൊവ്വാഴ്ചകളില്‍ ചന്തയിലേക്കു പോവുകയെന്നത് നാട്ടുകാരുടെയും സമീപ പ്രദേശത്തുകാരുടേയും ശീലമായി മാറിയിട്ടുണ്ട്. മര്‍മ തൈലം മുതല്‍ മര്‍മ്മാണി തൈലം വരെയും ചട്ടി മുതല്‍ ചാര്‍ട്ടുകള്‍ വരെ ഇവിടെ കിട്ടുമെന്നാണ് ആളുകള്‍ പറയുന്നത്.
നാട്ടുകാര്‍ കൃഷി ചെയ്യുന്ന ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ ഇവിടെ ലഭിക്കും. ഇതിലൂടെ നാടിനും നാട്ടുകാര്‍ക്കും വലിയ ഉപകാരമാണ് ലഭിക്കുന്നത്.

