

അബുദാബി: യു എ ഇയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
അല്‍ഹൊസന്‍ ആപ്പിന്റെ ഗ്രീന്‍ പാസ് ഉള്ളവര്‍ക്ക് മാത്രമാണ് 2022 ജനുവരി മൂന്നു മുതല്‍ ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കാനാവുകയുള്ളു. മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്‍ഷന്‍, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.

യു എ ഇ ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്പ് ആണ് അല്‍ഹൊസന്‍. കോവിഡഡ് രോഗികളുമായി കോണ്‍ടാക്ട് ഉള്ളവരെ കണ്ടെത്താനും ടെസ്റ്റുകള്‍ നടത്താനും വേണ്ടി നിര്‍മിച്ച ആപ്ലിക്കേഷനാണിത്. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും ആരോഗ്യപരമായോ മറ്റ് കാരണങ്ങളാലോ വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ക്കും മാത്രമാണ് ആപ്പില്‍ പച്ച തെളിയുക.

ഗ്രീന്‍ പാസ് അനുവദിക്കണമെങ്കില്‍ 30 ദിവസത്തിനുള്ളിലെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ഒരുപോലെ നടപ്പിലാക്കുന്ന സംവിധാനത്തിന്റെ പരിധിയില്‍ സന്ദര്‍ശകര്‍ മാത്രമല്ല ഓഫീസുകളിലെ സ്റ്റാഫും ഉള്‍പ്പെടും.
ആപ്പിന്റെ ഗ്രീന്‍ പാസ് കിട്ടിക്കഴിഞ്ഞാലും അത് നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെങ്കില്‍ ഓരോ 14 ദിവസം കൂടുമ്പോഴും ആര്‍ ടി പി സി ആര്‍ പരിശോധന നടത്തേണ്ടി വരും. വാക്സിനില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ഏഴു ദിവസത്തിലൊരിക്കല്‍ ഇത്തരം പരിശോധനകള്‍ നടത്തി ഉറപ്പാക്കേണ്ടതുണ്ട്.

