

മാഡ്രിഡ്: കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള സ്‌പെയിനിന്റെ ശ്രമങ്ങള്‍ക്ക് ഖത്തറിന്റെ പിന്തുണ. സ്‌പെയിനില്‍ വിവിധ പദ്ധതികളിലായി അഞ്ച് ബില്യന്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപിച്ചു. മാഡ്രിഡില്‍ ഫിലിപ് രാജാവിന്റെ കൊട്ടാരത്തില്‍ നടന്ന അത്താഴ വിരുന്നില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അമീറിന്റെ പ്രഖ്യാപനം.

സ്പാനിഷ് സമ്പദ്‌വ്യവസ്ഥയുടെ ശക്തിയില്‍ ഖത്തറിനുള്ള ആത്മവിശ്വാസമാണ് നിക്ഷേപം സൂചിപ്പിക്കുന്നതെന്ന് അമീര്‍ പറഞ്ഞു. സുസ്ഥിരത, ഡിജിറ്റലൈസേഷന്‍ തുടങ്ങിയ പദ്ധതികളിലെ നിക്ഷേപങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.

സമ്പദ് വ്യവസ്ഥ തിരികെപിടിക്കാനുള്ള സ്‌പെയിനിന്റെ ശ്രമങ്ങളുടെ ഭാഗമായി ദ്രവീകൃത പ്രകൃതി വാതക ഇറക്കുമതിക്കും വീണ്ടും കയറ്റുമതി ചെയ്യാനും ടെര്‍മിനലുകള്‍ക്ക് ചുറ്റും ഊര്‍ജ്ജകേന്ദ്രം നിര്‍മിക്കാന്‍ സ്‌പെയിനിന് പദ്ധതിയുണ്ട്. രാജ്യത്തിന്റെ ദ്രവീകൃത പ്രകൃതി വാതക ആവശ്യങ്ങള്‍ക്ക് റഷ്യയെ ആശ്രയിക്കുന്നത് കുറക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ഖത്തറില്‍ നിന്നും കൂടുതല്‍ ഇറക്കുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ പ്രതിവര്‍ഷം 77 ദശലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്നത് 2027ഓടെ 126 ദശലക്ഷം ടണ്ണിലെത്തിക്കുകയാണ് ലക്ഷ്യം.

