പ്രതിപക്ഷ പാര്‍ട്ടികളുടെ ശബ്ദം അവഗണിക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കും: ഡോ. എസ് വൈ ഖുറേഷി

Web Desk
2 Min Read

ദോഹ: ജനങ്ങളില്‍ വലിയ വിഭാഗത്തിന്റെ പിന്തുണയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശബ്ദം അവഗണിക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്ന് ഇന്ത്യയുടെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എസ് വൈ ഖുറേഷി മുന്നറിയിപ്പ് നല്‍കി. ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്‍ അണ്‍ഡോക്യുമെന്റഡ് വണ്ടര്‍: ദി മേക്കിംഗ് ഓഫ് ദി ഗ്രേറ്റ് ഇന്ത്യന്‍ ഇലക്ഷന്‍, ഡെമോക്രസിസ് ഹാര്‍ട്ട്‌ലാന്റ്: ഇന്‍സൈഡ് ദി ബാറ്റ്ല്‍ ഫോര്‍ പവര്‍ ഇന്‍ സൗത്ത് ഏഷ്യ എന്നീ കൃതികളുടെ വിദേശ പ്രകാശനമായിരുന്നു പരിപാടി.

city exchange

ജനങ്ങളുടെ മാത്രമല്ല രാഷ്ട്രീയ കക്ഷികളുടേയും പ്രത്യേകിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടേയും ആശങ്കകളെ തെരഞ്ഞെടുപ്പ് ഗൗരവത്തോടെ പരിഗണിക്കുകയും അവരെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് മുന്നോട്ട് പോവുകയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ് തെരഞ്ഞെടുപ്പ് സംവിധാനം. അതില്‍ ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ണായക പങ്ക് വഹിക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ മറുപടി നിരാശാജനകമാണ്. ജനാധിപത്യത്തില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള വിശ്വാസവും സമത്വവും ഉറപ്പാക്കേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും ഡോ. ഖുറേഷി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭാവി ജനാധിപത്യാരോഗ്യത്തിനും രാഷ്ട്രീയ സംസ്‌കാരത്തിനും വിശ്വാസ്യത അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍ ആര്‍ ഐ വോട്ടവകാശം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയവുമായി ബന്ധപ്പെട്ട സംവാദത്തില്‍ വിവിധ പ്രവാസി സംഘടനാ പ്രതിനിധികളുമായി ഡോ. ഖുറേഷി സംവദിച്ചു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും ജനാധിപത്യത്തില്‍ നേരിട്ട് പങ്കാളികളാകാനുള്ള അവകാശം ഉറപ്പാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതിനായി തെരഞ്ഞെടുപ്പ് കമ്മീഷനും ഭരണകൂടവും കൂടുതല്‍ ഗൗരവത്തോടെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- Advertisement -
Ad image

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ജൂട്ടാസ് പോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കണ്‍വീനര്‍ ജീസ് ജോസഫ് സ്വാഗതം ആശംസിച്ചു. ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ശ്രിജിത്ത് എസ് നായര്‍, ഗ്ലോബല്‍ അംഗങ്ങളായ ജോണ്‍ ഗില്‍ബര്‍ട്ട്, നാസര്‍ വടക്കേക്കാട്, യൂത്ത് വിംഗ് പ്രസിഡന്റ് നദീം മാനാര്‍, സീനിയര്‍ കമ്മ്യൂണിറ്റി നേതാക്കളായ നിലാഗുഷ് ഡേ, കെ എസ് പ്രസാദ്, മിലന്‍ അരുണ്‍, ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് മാത്യു, ഷൈനി കബീര്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ പ്രവാസി സംഘടനാ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഒ ഐ സി സി ഇന്‍കാസ് ഭാരവാഹികളായ നിയാസ് ചെരുപ്പത്ത്, സലീം ഇടശ്ശേരി, ജോര്‍ജ് കുരുവിള, നിഹാസ് കോടിയേരി, ഷംസുദ്ദീന്‍ ഇസ്മായില്‍, നൗഷാദ് ടി പി, മുജീബ് വലിയകത്ത്, ലിജോ മാമ്മന്‍, സാഹിര്‍, മാഷിക്ക് മുസ്തഫ, ജോബി, ഷാഹിന്‍ മജീദ്, ലിയോ, അനില്‍ കുമാര്‍, മുഹമ്മദ്‌റാഫി, ബാബുജി, ഹാഷിം, ചാള്‍സ്, അജാത്, നൗഫല്‍ കട്ടൂപ്പാറ, രഞ്ജു സാം, ജസ്റ്റിന്‍, ജംനാസ്, ജോജി, മുഹമ്മദ് ഷാ, ഷെജില്‍, ഷിബു കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!