

ദോഹ: ഇന്ത്യയിലെ ബി ജെ പി നേതാക്കള്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഖത്തര്‍ രംഗത്തെത്തി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ഔദ്യോഗിക സന്ദര്‍ശനവേളയിലാണ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിനെ വിളിച്ചു വരുത്തി ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചതെന്നതും ശ്രദ്ധേയമാണ്.

രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്ത് ഇന്ത്യന്‍ അംബാസഡര്‍ക്ക് ഖത്തര്‍ കൈമാറഇ. പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ച തീരുമാനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു. എന്നാല്‍, ലോക മുസ്‌ലിംകളെ വേദനിപ്പിച്ച പ്രസ്താവന നടത്തിയതിന് പരസ്യക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ ഖത്തര്‍ വിശദീകരിച്ചു.

ഗ്യാന്‍വാപി വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ടൈംസ് നൗ ചാനലിലായിരുന്നു ബി ജെ പി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തികരമായ പരാമര്‍ശം. സംഭവത്തില്‍ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിരുന്നു. പ്രവാചകനെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചുവെന്നും ഇസ്‌ലാം മതത്തിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇസ്‌ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശം. മുസ്‌ലിംകള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ്മ ആരോപിച്ചിരുന്നു.
സംഭവം വിവാദമായതോടെ നുപുര്‍ ശര്‍മ്മ മാപ്പ് പറഞ്ഞുവെങ്കിലും ബി ജെ പി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുര്‍ ശര്‍മ്മയെയും ഡല്‍ഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ബി ജെ പി നേതൃത്വം അറിയിച്ചു.

