

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഇന്ന് നൂറു കോടി തികയും. ഇന്ന് ഉച്ചക്കു മുമ്പ് വാക്‌സിനെടുത്തവര്‍ നൂറു കോടിയിലെത്തുമെന്നാണ് കണക്ക്. ബുധനാഴ്ച വരെയുള്ള കണക്കു പ്രകാരം 99.7 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വാക്‌സിന്‍ നല്കിയ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്തുള്ള ചൈനയില്‍ ഇതുവരെ 223 കോടി വാക്‌സിനാണ് വിതരണം നടത്തിയത്. കോവിഡ് വാക്‌സിനേഷന്‍ ഒന്‍പത് മാസം പിന്നിടുമ്പോഴാണ് നൂറുകോടിയിലേക്കെത്തുന്നത്. ഇത് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. നൂറു കോടി തികയുന്നതിന്റെ ഭാഗമായി ഇന്ന് കൂടുതല്‍ വാക്‌സിനുകള്‍ നല്കാനും പദ്ധതിയുണ്ട്.

നൂറു കോടി കുത്തിവെയ്പ് പൂര്‍ത്തിയാകുന്നതിന്റെ പ്രഖ്യാപനവും ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ വാക്‌സിന്‍ പ്രചരണ ഗാനത്തിന്റെ പ്രകാശനവും ഇന്ന് നടക്കും. കോവിന്‍ പോര്‍ട്ടലില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ബുധനാഴ്ച രാത്രി പത്തര വരെ പ്രായ പൂര്‍ത്തിയായവരില്‍ 75 ശതമാനം ആദ്യ ഡോസും 31 ശതമാനത്തിന് രണ്ടാം ഡോസും വിതരണം ചെയ്തിട്ടുണ്ട്.
വാക്‌സിന് ആദ്യം വില നിശ്ചയിച്ച കേന്ദ്രത്തിന് കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സൗജന്യമാക്കേണ്ടി വന്നത്. വാക്‌സിന്‍ സൗജന്യമായി ലഭിച്ചതോടെയാണ് ഇത്രയേറെ പേര്‍ക്ക് വാക്‌സിനെടുക്കാന്‍ സാധിച്ചത്.

