

ആലുവ: വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു സഞ്ചാരയോഗ്യമല്ലാതായിരുന്ന പൈപ് ലൈന്‍ റോഡിന്റെ നിര്‍മ്മല സ്‌കൂള്‍ മുതല്‍ കുന്നത്തേരി ഷാപ്പുംപടി വരെയുള്ള ഭാഗം ഇന്റര്‍ലോക്ക് ടൈല്‍ വിരിച്ചു പുനരുദ്ധരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനം അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ധനകാര്യ വകുപ്പിന്റെ പ്രത്യേകാനുമതി വാങ്ങി അന്‍വര്‍ സാദത്ത് എം എല്‍ എയുടെ 2023- 24 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 99.99 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് പുനരുദ്ധാരണം നടത്തുന്നത്.

വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ള പൈപ് ലൈന്‍ റോഡ് സഞ്ചാരയോഗ്യമാക്കണ മെന്നാവശ്യപ്പെട്ട് വകുപ്പുമന്ത്രിയോടും വകുപ്പിനോടും ചൂര്‍ണ്ണിക്കര പഞ്ചായത്ത് ഭരണസമിതിയും എം എല്‍ എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ ഫണ്ടനുവദിച്ച് റോഡ് പുനരുദ്ധാരണം നടത്താമെന്ന് പലവട്ടം വാട്ടര്‍ അതോറിറ്റി സമ്മതിച്ചെങ്കിലും പദ്ധതി നടപ്പാക്കാതെ ഒഴിഞ്ഞുമാറിയ ഘട്ടത്തിലാണ് പ്രദേശവാസികളുടേയും യാത്രക്കാരുടേയും അഭ്യര്‍ഥന മാനിച്ച് അന്‍വര്‍ സാദത്ത് എം എല്‍ എ തന്റെ വികസന ഫണ്ടില്‍ നിന്നും ആവശ്യമായ തുക അനുവദിച്ച് റോഡ് നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കിയത്.

നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ ചൂര്‍ണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി പ്രിയദര്‍ശനി, സ്ഥിരംസമിതി അധ്യക്ഷന്മാരായ മുഹമ്മദ് ഷെഫീക്, റൂബി ജിജി, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി ഗോപി, പഞ്ചായത്ത് അംഗങ്ങളായ രാജേഷ് പുത്തനങ്ങാടി, കെ കെ ശിവാനന്ദന്‍, രമണന്‍ ചേലാക്കുന്ന്, ലൈല അബ്ദുല്‍ ഖാദര്‍, പി വി വിനീഷ്, പി എസ് യൂസഫ്, ഷെമീര്‍ ലാല, സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, വൈസ് പ്രസിഡന്റ് മനോഹരന്‍ തറയില്‍ എന്നിവര്‍ ആശംസകള്‍ പറഞ്ഞു.
വാട്ടര്‍ അതോറിറ്റി ഫണ്ടനുവദിക്കാതിരുന്നത് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത് നീണ്ടുപോയത്. പൈപ്പ് ലൈന്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ എറണാകുളം, മെഡിക്കല്‍ കോളേജ് എന്നീ ഭാഗത്തേക്ക് ചെറു വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുമെന്നും വര്‍ഷങ്ങളായി ഇതുവഴി യാത്ര ചെയ്തിരുന്നവരും പ്രദേശവാസികളും അനുഭവിച്ചിരുന്ന യാത്രാ ക്ലേശത്തിന് അവസാനമാകുമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

