

കോഴിക്കോട്: പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത വര്‍ധിച്ച കാലത്താണ് നാമിപ്പോഴുള്ളതെന്ന് പൊതുമരാമത്ത് – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
വേളം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഹൈസ്‌കൂള്‍ ബ്ലോക്ക് കെട്ടിട ഉദ്ഘാടനവും നവീകരിച്ച ഹയര്‍ സെക്കന്ററി ലൈബ്രറി ആന്റ് റീഡിംഗ് റൂം സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ മേഖലയില്‍ വര്‍ഷം തോറും വിദ്യാര്‍ഥികളുടെ എണ്ണം കൂടിവരികയാണ്. ഇത് പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങള്‍ ഉള്‍ക്കൊണ്ടു എന്നതിന്റെ തെളിവാണ്.
പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്. ഈ നേട്ടം എന്നും നിലനിര്‍ത്തണം. കൂട്ടായ്മയ്‌ലൂടെയുള്ള പഠനമാണ് കുട്ടികളിലെ വ്യക്തിത്വ വികാസം വര്‍ധിപ്പിക്കുന്നത്. അറിവുല്പാദിപ്പിക്കുന്ന ഫാക്ടറികളാണ് വിദ്യാലയങ്ങള്‍.

സ്‌കൂള്‍ കാലഘട്ടം ജീവിതത്തില്‍ മറക്കാനാവാത്തതാണെന്നും മന്ത്രി പറഞ്ഞു. വേളം സ്‌കൂള്‍ റോഡിന്റെ അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. കുറ്റ്യാടി മണ്ഡലത്തിന്റെ വികസനത്തിനും മന്ത്രി പിന്തുണ അറിയിച്ചു.
കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വേളം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍, ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ബാബു മാസ്റ്റര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മലയില്‍ സുമ, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെറീന നടുക്കണ്ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ പി സൂപ്പി മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സി മുജീബ് റഹ്മാന്‍, വടകര ഡി ഇ ഒ സി കെ വാസു വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

