
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 30 വരെ നീട്ടി. കോവിഡ് മൂന്നാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാല്‍ ചരക്ക് വിമാനങ്ങള്‍ക്കും റെഗുലേറ്ററി ബോഡി അംഗീകരിച്ച സര്‍വീസുകള്‍ക്കും ഇത് ബാധകമല്ല.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 23 മുതലാണ് ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചത്. അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ നിയന്ത്രണങ്ങള്‍ 2021 ആഗസ്ത് 31ന് അവസാനിക്കേണ്ടതായിരുന്നെങ്കിലും മൂന്നാം തരംഗ ആശങ്കകളെ തുടര്‍ന്ന് ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.

അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങളെയും ഡി ജി സി എ അംഗീകാരമുള്ള ചില വിമാന സര്‍വീസുകളെയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസുകള്‍ കുറയുന്ന മുറയ്ക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ ചില പാതകളില്‍ സര്‍വീസ് നടത്തുമെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍ അതിര്‍ത്തികള്‍ അടഞ്ഞ് പല രാജ്യങ്ങളിലായി കുടുങ്ങികിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യയുടെ വ്യോമയാന മന്ത്രാലയം 28 രാജ്യങ്ങളുമായി എയര്‍ ബബിള്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഉടമ്പടിയില്‍ യു കെ, യു എസ്, യു എ ഇ, കാനഡ തുടങ്ങിയ രാജ്യങ്ങളുണ്ടെങ്കിലും രണ്ടാം തരംഗത്തെ മുന്‍നിര്‍ത്തി ഈ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

