

ഭുവനേശ്വര്‍: ലോകത്തിന് തന്നെ മികവുറ്റ തൊഴില്‍ ചെയ്യുന്ന യുവാക്കളെ നല്കുന്ന രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് ഖത്തര്‍ ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ് പറഞ്ഞു. ഭുവനേശ്വറില്‍ പ്രവാസി ഭാരത് ദിവസില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

വിദ്യാഭ്യാസം, പ്രൊഫഷണലിസം തുടങ്ങി എല്ലാ മേഖലയിലേക്കും ഇന്ത്യ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. പ്രവാസ സമൂഹം വികസിത ഇന്ത്യയെന്ന സങ്കല്പ്പത്തിന് എങ്ങനെ സംഭാവന ചെയ്യാമെന്നതാണ് ഈ വര്‍ഷത്തെ പ്രവാസി ഭാരത് ദിവസിന്റെ പ്രമേയം. മൂന്നരക്കോടിയോളം ഇന്ത്യക്കാരാണ് ലോകത്തെമ്പാടുമുള്ളത്. അതില്‍ വലിയൊരു ഭാഗം മിഡില്‍ ഈസ്റ്റിലുമുണ്ട്.

നമ്മുടെ സംസ്ക്കാരവും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യക്കാര്‍ പല നാടുകളിലും ജീവിക്കുന്നത്. ആല്‍മരം പടര്‍ന്നു പന്തലിച്ച് തണല്‍ നല്കുന്നതുപോലെ പ്രവാസികള്‍ പ്രവര്‍ത്തിക്കുന്നു. അതുപോലെ ആല്‍മരത്തിന്റെ ശക്തമായ വേരുകള്‍ പോലെയാണ് നമ്മുടെ സംസ്ക്കാരവും പാരമ്പര്യവും നിലനിര്‍ത്തി പ്രവര്ത്തിക്കാനാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യക്കാര്‍ പോകുന്നുവെന്ന് പറയുന്നതിനോടൊപ്പം ലോകത്തിന് മികവ് നല്കാന് ഇന്ത്യക്കാര്‍ക്ക് സാധിക്കുന്നു എന്നത് കൂടി എടുത്തു പറയണമെന്നും അദ്ദേഹം വിശദമാക്കി.

