ദീര്‍ഘകാല പ്രവാസികളുടെ ഭാര്യമാരെയും മാതാക്കളെയും സ്വീകരിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹം

Web Desk
3 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ഹൃദയസ്പര്‍ശിയായ സംഗമമായി മാറിയ ചടങ്ങില്‍ ദീര്‍ഘകാലമായി ഖത്തറില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികളുടെ 15 ഭാര്യമാര്‍ക്കും മാതാക്കള്‍ക്കും വേണ്ടി വിപുലമായ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. ക്യു എഫ് എം റേഡിയോ നെറ്റ് വര്‍ക്കിന്റെ ഭാഗമായ റേഡിയോ മലയാളം 98.6 എഫ് എമ്മിന്റെ സാമൂഹ്യ ഉത്തരവാദിത്വ പദ്ധതിയിലൂടെയാണ് മുഴുവന്‍ ചെലവും വഹിച്ചുകൊണ്ടുള്ള ഈ ഖത്തര്‍ സന്ദര്‍ശനം ഒരുക്കിയത്.

city exchange

‘ഫോര്‍ മൈ ലവ്’ എന്ന പേരില്‍ സംഘടിപ്പിച്ച ഈ ക്യാമ്പയിന്‍, 25 വര്‍ഷത്തിലധികമായി ഖത്തറില്‍ സേവനം അനുഷ്ഠിച്ചിട്ടും സ്വന്തം ഭാര്യയെയോ മാതാവിനെയോ ഒരിക്കല്‍ പോലും ഖത്തറിലേക്ക് കൊണ്ടുവരാന്‍ കഴിയാതിരുന്ന പ്രവാസികള്‍ക്ക് സഫലമായ ഒരു സ്വപ്‌നസാക്ഷാത്കാരമാണ്. 2018, 2019, 2023, 2024, 2025 വര്‍ഷങ്ങളിലായി നടന്ന മുന്‍ സീസണുകളില്‍ യഥാക്രമം 10, 11, 12, 13, 14 ദമ്പതികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നു. ഇത് ആറാമത്തെ പതിപ്പാണ്.

ഹോളിഡേ ഇന്‍ ദോഹയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ 30 വര്‍ഷത്തിലധികമായി ഖത്തറില്‍ സേവനം അനുഷ്ഠിക്കുന്ന പ്രവാസികളുടെ ജീവിതപങ്കാളികളായ 15 വനിതകളെയാണ് ആദരിച്ചത്. സാമ്പത്തിക പരിമിതികള്‍ മൂലം കുടുംബസമേതം ജീവിക്കാന്‍ സാധിക്കാതെ ‘വിവാഹിത ബാച്ചിലര്‍’ ജീവിതം നയിച്ച നിരവധി പ്രവാസികളുടെ കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായത്.

ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ നിര്‍വഹിച്ചു. ഇന്ത്യയുടെയും മിഡില്‍ ഈസ്റ്റിന്റെയും വികസനത്തില്‍ ദശാബ്ദങ്ങളായി കഠിനാധ്വാനത്തിലൂടെയും ത്യാഗങ്ങളിലൂടെയും നിര്‍ണായക പങ്ക് വഹിച്ച ഒരു തലമുറയ്ക്കുള്ള അര്‍ഥവത്തായ ആദരവാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

അധ്യക്ഷ പ്രസംഗം നടത്തിയ ക്യു എഫ് എം റേഡിയോ നെറ്റ്‌വര്‍ക്ക് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ സി അബ്ദുല്‍ ലത്തീഫ് വര്‍ഷങ്ങളോളം വേര്‍പിരിഞ്ഞ് ജീവിക്കേണ്ടിവന്ന കുടുംബങ്ങളെ താങ്ങിനിര്‍ത്തിയ അമ്മമാരുടെയും ഭാര്യമാരുടെയും അളവറ്റ ത്യാഗങ്ങളെക്കുറിച്ച് സംസാരിച്ചു. അവരുടെ മാനസികവും സാമൂഹികവുമായ ശക്തിയാണ് കുടുംബങ്ങളെ മുന്നോട്ട് നയിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ”ഫോര്‍ മൈ ലവ്” പരിപാടി ഖത്തറിന്റെ വിശാല നയങ്ങളോടും ഉത്തരവാദിത്തമുള്ള മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള റേഡിയോ മാനേജ്‌മെന്റിന്റെ കാഴ്ചപ്പാടിനോടും ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിലെ പ്രമുഖ നേതാക്കളും വിവിധ അപെക്‌സ് സംഘടനകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

നോര്‍ക്ക ഡയറക്ടര്‍ സി വി റപ്പായി, ഐ ബി പി സി പ്രസിഡന്റ് ത്വാഹ അബ്ദുല്‍ കരീം, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ എസ് സി ജനറല്‍ സെക്രട്ടറി ഹംസ യൂസഫ്, ഐ സി സി, ഐ സി ബി എഫ് മുന്‍ പ്രസിഡന്റ് പി എന്‍ ബാബുരാജ്, കെ ബി എഫ് പ്രസിഡന്റ് ഷഹീന്‍ ഷാഫി തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

സന്ദര്‍ശനത്തിനെത്തിയ ഭാര്യമാര്‍ക്കും മാതാക്കള്‍ക്കും അവരുടെ ത്യാഗങ്ങള്‍ക്കുള്ള അംഗീകാരമായി പ്രത്യേക സ്മരണികകളും സമ്മാനങ്ങളും നല്‍കി. ദമ്പതികളും അമ്മമാരും തങ്ങളുടെ ജീവിതാനുഭവങ്ങള്‍ സദസുമായി പങ്കുവച്ചു. പരിപാടിക്ക് സാംസ്‌കാരിക മികവ് പകര്‍ന്നുകൊണ്ട് പ്രശസ്ത കാലിഗ്രാഫി ആര്‍ട്ടിസ്റ്റ് കരീം ഗ്രാഫി സ്ത്രീത്വത്തെ ആസ്പദമാക്കി ‘ലൈവ് ആര്‍ട്ടിസ്റ്റിക് ട്രിബ്യൂട്ട്’ അവതരിപ്പിച്ചു. അലന്‍, ശ്രീകാന്ത്, പ്രതാപ്, മോജിന്‍ എന്നിവര്‍ സംഗീതാവിഷ്‌കാരം നടത്തി. റേഡിയോ സി ഇ ഒ അന്‍വര്‍ ഹുസൈന്‍ സ്വാഗതവും ഡി ജി എം സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് നൗഫല്‍ അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖര്‍, മാധ്യമ പ്രതിനിധികള്‍, ബിസിനസ് നേതാക്കള്‍, ക്ഷണിതാക്കള്‍ തുടങ്ങിയവര്‍ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.

റേഡിയോ ശ്രോതാക്കള്‍ സമര്‍പ്പിക്കുന്ന നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് ഫോര്‍ മൈ ലവ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. വെല്ലുവിളികളേറിയ ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ള കുടുംബങ്ങളാണ് ഇത്തവണയും തിരഞ്ഞെടുക്കപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പതിറ്റാണ്ടുകളോളം പ്രിയപ്പെട്ടവരില്‍ നിന്ന് അകന്ന് ജീവിക്കേണ്ടിവന്ന നിരവധി പ്രവാസികള്‍ സ്വന്തം സൗകര്യങ്ങളും കുടുംബജീവിതവും ത്യജിച്ചാണ് നാട്ടിലെ കുടുംബങ്ങളെ പിന്തുണച്ചത്.

2018-ല്‍ ആരംഭിച്ച ഈ പദ്ധതി ഖത്തറില്‍ ആദ്യമായാണ് ഇത്തരത്തില്‍ നടപ്പാക്കപ്പെട്ടത്. ശ്രോതാക്കളില്‍ നിന്നും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും വലിയ അഭിനന്ദനങ്ങള്‍ നേടി കമ്മ്യൂണിറ്റി സംഘടനകള്‍, മീഡിയ, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഈ ക്യാമ്പയിന്‍ അര്‍ഹരായ പ്രവാസി കുടുംബങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്നു.

സന്ദര്‍ശനകാലയളവില്‍ അതിഥികള്‍ വിവിധ സാംസ്‌കാരിക പരിപാടികളിലും പ്രവാസി സംഗമങ്ങളിലും പങ്കെടുത്ത് മനോഹരമായ ഓര്‍മ്മകള്‍ സൃഷ്ടിക്കുകയും സമൂഹബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!