

ദുഖാന്: ദോഹക്ക് പുറത്ത് വിദൂരസ്ഥലങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കായി ഖത്തറിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി (ഐ സി ബി എഫ്) സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് ദുഖാനില്‍ നടന്നു.

പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ (പി സി സി) തുടങ്ങിയ സേവനങ്ങള്‍ ദുഖാന് ഏരിയയിലും പരിസരത്തുമുള്ള അമ്പതോളം പേര് പ്രയോജനപ്പെടുത്തി. ദോഹയുടെ വിദൂരസ്ഥലങ്ങളിലുള്ള താമസക്കാര്‍ക്ക് പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ജോലി ദിവസങ്ങളില്‍ ഗതാഗത സൗകര്യമൊരുക്കി ദോഹയില്‍ വന്ന് വിവിധ എംബസി സേവനങ്ങള്‍ ലഭ്യമാക്കുന്നതിലുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് അവധി ദിവസമായ വെള്ളിയാഴ്ച ഇത്തരം ക്യാമ്പുകള്‍ വിവിധയിടങ്ങളില്‍ സംഘടിപ്പിക്കുന്നത്.


ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സന്ദീപ് കുമാര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. മിക്കവരും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന അവധി ദിവസത്തില്‍ ഇത്തരം സാമൂഹിക സേവനത്തിന് തയ്യാറായ ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാഫംഗങ്ങളുടെയും വോളണ്ടിയര്‍മാരുടെയും അര്‍പ്പണബോധത്തെ അദ്ദേഹം പ്രശംസിച്ചു. ക്യാമ്പിനായി വിശാലമായ ഓഫീസ് വിട്ടുനല്‍കിയ ഗള്‍ഫാര്‍ പ്രോജക്ട് മാനേജര്‍ കെ പി സലാഹുദ്ധീന്‍ അദ്ദേഹം നന്ദി അറിയിച്ചു.
ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്, ട്രഷറര്‍ കുല്‍ദീപ് കൗര്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സമീര്‍ അഹമ്മദ്, സറീന അഹദ്, ശങ്കര്‍ ഗൗഡ്, കുല്‍വീന്ദര്‍ സിംഗ് എന്നിവരോടൊപ്പം ദുഖാന് ഏരിയായില്‍ നിന്നും സമീര്‍ മൂസ, ഡോ. ജഗദീഷ് ചന്ദ്ര ശര്‍മ്മ തുടങ്ങിയവരും വിവിധ സംഘടനകളില്‍ നിന്നുള്ള വോളണ്ടിയേഴ്സും ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി രംഗത്തുണ്ടായിരുന്നു.
അതോടൊപ്പം തന്നെ, കഴിഞ്ഞ ആഴ്ച അല്‍ഖോര്‍ കോണ്‍സുലര്‍ ക്യാമ്പിലെ അപേക്ഷകര്‍ക്ക് പാസ്പോര്ട്ടുകള് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഹമീദ് റാസ എന്നിവരുടെ നേതൃത്വത്തില്‍ അല്‍ഖോറില്‍ എത്തി വിതരണം ചെയ്തു.
ഇന്ത്യന്‍ കമ്യൂണിറ്റി അംഗങ്ങള്‍ക്ക് എംബസിയുടെ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വരും ആഴ്ചകളില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ കോണ്‍സുലര്‍ ക്യാമ്പുകള്‍ നടത്തുമെന്ന് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അറിയിച്ചു.

