
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയും കതാറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ‘ഫ്‌ളേവേഴ്‌സ് ഫ്രം ഇന്ത്യ’ പ്രത്യേക പാചക പരിപാടി കതാറ കള്‍ച്ചറല്‍ വില്ലേജില്‍ നടന്നു. ഇന്ത്യയുടെ സമ്പന്നമായ പാചക പാരമ്പര്യവും സാംസ്‌കാരിക വൈവിധ്യവും പരിചയപ്പെടുത്തിയ പരിപാടിയില്‍ വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഖത്തറിലെ പ്രമുഖര്‍, ഇന്ത്യന്‍ സമൂഹാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കതാറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്റെ ജനറല്‍ മാനേജര്‍ പ്രൊഫ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയും ഖത്തറും തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റത്തിനും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ പിന്തുണ നിര്‍ണായകമാണെന്ന് സംഘാടകര്‍ വ്യക്തമാക്കി.


25ലധികം രാജ്യങ്ങളിലെ അംബാസഡര്‍മാരും മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളും പ്രമുഖ ഖത്തര്‍ വ്യക്തിത്വങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ഇന്ത്യന്‍ ആതിഥേയത്വവും വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ രുചികളും അവര്‍ ആസ്വദിച്ചു.
പഞ്ചാബി സമോസ, മേദു വട, രസ്മലൈ, സംഭാരം, പ്രീമിയം അല്‍ഫോന്‍സോ മാമ്പഴം തുടങ്ങിയ ഇന്ത്യന്‍ വിഭവങ്ങള്‍ അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. ഇന്ത്യന്‍ ഭക്ഷ്യസംസ്‌കാരത്തിന്റെ വൈവിധ്യവും സമൃദ്ധിയും പ്രകടമാക്കിയ വിഭവങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ ചടങ്ങില്‍ സംസാരിച്ച ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ എടുത്തുപറഞ്ഞു. ഭക്ഷണം ജനങ്ങളെയും പാരമ്പര്യങ്ങളെയും ബന്ധിപ്പിക്കുന്ന ശക്തമായ മാധ്യമമാണെന്നും ഇന്ത്യയും ഗള്‍ഫ് മേഖലയുമായി നൂറ്റാണ്ടുകളായി തുടരുന്ന പാചക സ്വാധീനങ്ങളുടെ കൈമാറ്റം ഇന്നും സുഗന്ധവ്യഞ്ജനങ്ങളിലും വിഭവങ്ങളിലും പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘അതിഥി ദേവോ ഭവ’ എന്ന ഇന്ത്യയുടെ ശാശ്വത സന്ദേശം ഇന്ത്യന്‍ പാചക പാരമ്പര്യത്തില്‍ പ്രതിഫലിക്കുന്നുവെന്നും അതിലൂടെ ഇന്ത്യയുടെ സ്‌നേഹവും ഉള്‍ക്കൊള്ളലും ആതിഥേയത്വവും ലോകവുമായി പങ്കിടപ്പെടുന്നതായും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
വിപുലമായ ജനപങ്കാളിത്തവും മികച്ച പ്രതികരണവും നേടിയ പരിപാടി ഇന്ത്യ- ഖത്തര്‍ സൗഹൃദവും സാംസ്‌കാരിക വൈവിധ്യവും പങ്കിട്ട പാരമ്പര്യവും ആഘോഷിക്കുന്ന വേദിയായി മാറി. ‘ഫ്‌ളേവേഴ്‌സ് ഫ്രം ഇന്ത്യ’ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധവും പരസ്പര ധാരണയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കിയതായി സംഘാടകര്‍ അറിയിച്ചു.

