

കീവ്: യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. രക്ഷാ ദൗത്യത്തെ പിന്നോട്ടടിപ്പിക്കുന്നതാണ് സംഭവം.

യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചത്. കര്‍ണാടക സ്വദേശിയായ നവീനാണ് കൊല്ലപ്പെട്ടത്. നാലാം വര്‍ഷം എം ബി ബി എസ് വിദ്യാര്‍ഥിയാണ് നവീന്‍.

രാവിലെയാണ് സംഭവം. ഖാര്‍കീവിലെ റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം . വിദ്യാര്‍ഥികള്‍ പുറത്തിറങ്ങരുതെന്ന് എംബസി നിര്‍ദ്ദേശം നല്‍കിയിരുന്നു. മരണവിവരം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നവീന്റെ കുടുബാംഗങ്ങളുമായി ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നവീന്റെ മരണത്തില്‍ വിദേശകാര്യമന്ത്രാലയം ദു:ഖവും രേഖപ്പെടുത്തി.
യുക്രെയ്‌നില്‍ റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം വേഗത്തിലാക്കി. ഖാര്‍കീവിലെയും മറ്റ് നഗരങ്ങളിലെയും ഇന്ത്യക്കാരെ അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനായി വിദേശകാര്യസെക്രട്ടറി റഷ്യന്‍, യുക്രെയ്ന്‍ സ്ഥാനപതികളുമായി ബന്ധപ്പെട്ടുവരികയാണ്.

