

ദുബൈ: യു എ ഇയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശി വത്കരണം വരുന്നു. വാര്‍ത്താവിനിമയം, സാമ്പത്തിക സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍, ടെക്നിക്കല്‍ മേഖല, ഓഫിസ് നിര്‍വഹണം, ഭരണം, കല, വിനോദം, ഖനന മേഖല, ക്വാറികള്‍, വിദ്യാഭ്യാസം, ആരോഗ്യം, സമൂഹ്യ സേവനം, നിര്‍മാണം, മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, ഗതാഗതം, വെയര്‍ ഹൗസ്, ഹോട്ടല്‍, റിസോര്‍ട്ട്, ടൂറിസം തുടങ്ങിയ 14ഓളം മേഖലകളിലാണ് പുതിയ നിബന്ധന വരാന്‍ പോകുന്നത്.

മനുഷ്യ വിഭവ, സ്വദേശിവത്കരണ വിഭാഗം മന്ത്രി ഡോ. അബ്ദുറഹിമാന്‍ അല്‍ അവാറാണ് ക്യാംപയിനിന് നേതൃത്വം നല്‍കുന്നത്.

20 മുതല്‍ 49 ജീവനക്കാര്‍ വരെയുള്ള കമ്പനികളിലും ഇനി സ്വദേശികളെ നിയമിക്കണമെന്ന നിര്‍ദേശമാണ് വന്നിരിക്കുന്നത്. നിലവില്‍ അന്‍പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ രണ്ടു ശതമാനം സ്വദേശികളെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ. 20 ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ അടുത്തവര്‍ഷം ഒരു സ്വദേശിയെയാണ് നിയമിക്കേണ്ടത്. 2025 ആകുമ്പോഴേക്കും രണ്ട് സ്വദേശികള്‍ക്ക് ജോലി നല്‍കണം. സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനം 2025 ജനുവരിയില്‍ 96,000 ദിര്‍ഹം അടക്കണമെന്നും മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നും പ്രത്യേകിച്ചും ലക്ഷക്കണക്കിന് പ്രവാസികളാണ് യു എ ഇയുടെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്യുന്നത്. സ്വദേശിവത്കരണ പ്രവര്‍ത്തനങ്ങള്‍ പടിപടിയായി നടന്നുവരുമ്പോള്‍ പ്രവാസികളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. വിവിധ മേഖലകളിലെ ഉയര്‍ന്ന പോസ്റ്റുകളിലാണ് നിലവില്‍ സ്വദേശിവത്കരണം നടന്നു വരുന്നത്.

