
റിയാദ്: തുര്‍ക്കിയും പാകിസ്താനും ചേര്‍ന്ന് കഴിഞ്ഞയാഴ്ച ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാറില്‍ ഈജിപ്തിനെ ഉള്‍പ്പെടുത്തുന്നതിനെ സൗദി അറേബ്യ എതിര്‍ത്തതായി റിപ്പോര്‍ട്ട്. ഈജിപ്തിനെ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് തുര്‍ക്കി ശക്തമായി ആവശ്യപ്പെട്ടിരുന്നെങ്കിലും സൗദി അറേബ്യ ഇതിനെ പിന്തുണച്ചില്ലെന്നാണ് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തത്.

ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള മൂന്ന് സൗദി സ്രോതസ്സുകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. സൗദി രാജകുടുംബത്തിലെ മുതിര്‍ന്ന മുന്‍ ഉപദേഷ്ടാവും ഉള്‍പ്പെടുന്ന ഒരു സ്രോതസ്സ്, ‘ഇപ്പോഴെങ്കിലും’ ഈജിപ്ത് കരാറിന്റെ ഭാഗമാകേണ്ടതില്ലെന്ന നിലപാടാണ് റിയാദിനുള്ളതെന്ന് വ്യക്തമാക്കി.

വിഷയത്തിന്റെ സെന്‍സിറ്റീവ് സ്വഭാവം കണക്കിലെടുത്ത് പേരുവെളിപ്പെടുത്താതെ സംസാരിച്ച മൂന്ന് സ്രോതസ്സുകളും സൗദിയുടെ നിലപാടിന് പിന്നില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ സര്‍ക്കാരിനോടുള്ള വര്‍ധിച്ചുവരുന്ന അതൃപ്തിയാണെന്ന് പറഞ്ഞു. മുന്‍കാലത്തുണ്ടായിരുന്ന തന്ത്രപ്രധാനവും സൈനികവുമായ പ്രാധാന്യം ഈജിപ്തിന് ഇപ്പോള്‍ ഇല്ലെന്ന വിലയിരുത്തലും റിയാദിനുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വിശുദ്ധ നഗരമായ മക്കയില്‍ വെള്ളിയാഴ്ചയാണ് സൗദി അറേബ്യയും തുര്‍ക്കിയും പാകിസ്താനും സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെതിരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങള്‍ക്കെതിരെയുമുള്ള ആക്രമണമായി കണക്കാക്കും.
സംയുക്ത പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള സംവിധാനമായാണ് സൗദി ഉദ്യോഗസ്ഥര്‍ കരാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍, പ്രതിസന്ധി ഘട്ടത്തില്‍ സംയുക്ത സൈനിക സഹായം എങ്ങനെ നടപ്പാക്കും, ഏതൊക്കെ സാഹചര്യങ്ങളിലാണ് കരാര്‍ പ്രാബല്യത്തില്‍ വരിക, അതിന്റെ പ്രവര്‍ത്തന സംവിധാനങ്ങള്‍ എന്തൊക്കെയായിരിക്കും തുടങ്ങിയ കാര്യങ്ങളില്‍ കരാറില്‍ വ്യക്തത കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

