മദ്രാസ് ഐ ഐ ടിയില്‍ വീണ്ടും മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യ

Web Desk
1 Min Read

ചെന്നൈ: മദ്രാസ് ഐ ഐ ടിയിലെ ഗവേഷണ വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കൂടിയായ ഉണ്ണികൃഷ്ണന്‍ നായര്‍ എന്ന വിദ്യാര്‍ഥിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പൊലീസ് എഫ് ഐ ആറിലുള്ളത്. ഉണ്ണികൃഷ്ണന്‍ നായരുടേതെന്ന് കരുതുന്ന 11 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
പ്രൊജക്ട് ലാബിന്റെ പരിസരത്തുള്ള ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന നിലയിലുള്ള സംശയങ്ങള്‍ സഹപാഠികളും അധ്യാപകരും ഉന്നയിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ പൊലീസും ആത്മഹത്യാ സാധ്യത തള്ളിയിരുന്നു. മറ്റെവിടെയെങ്കിലും കത്തിച്ച മൃതദേഹം കൊണ്ടിട്ടതാകാമെന്ന സംശയവും ഉയര്‍ന്നിരുന്നു. പിന്നീട് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതോടെ പൊലീസ് സംശയം ഉപേക്ഷിക്കുകയായിരുന്നു. മാനസിക സമ്മര്‍ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പില്‍ പറയുന്നത്. ഗവേഷണവുമായി മുന്നോട്ടുപോകാന്‍ സാധിക്കാതെ മാനസികാവസ്ഥയിലാണെന്നു കുറിപ്പിലുണ്ടെന്നും മരണത്തിന് ഉത്തരവാദികളായി ആരേയും കുറിപ്പില്‍ പറയുന്നില്ലെന്നുമാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
2019ല്‍ മദ്രാസ് ഐ ഐ ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം വലിയ ചര്‍ച്ചയായിരുന്നു. അധ്യാപകരുടെ പീഡനത്തെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഫാത്തിമ ഫോണിലെഴുതിയ അവസാന കുറിപ്പിലുണ്ടായിരുന്നു.
അതിനിടെ നിരന്തരമായ ജാതിവിവേചനത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും രാജിവെക്കുകയാണെന്ന് അറിയിച്ച് മദ്രാസ് ഐ ഐ ടിയിലെ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്ന വിപിന്‍ പി രംഗത്തുവന്നിരുന്നു. ഈ സംഭവം വിവാദമുയര്‍ത്തിയതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണന്റെ മരണവും സംഭവിച്ചത്.
ഐ ഐ ടിയിലെ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനാണ് വിപിന്‍. ജാതിവിവേചനത്തെ തുടര്‍ന്ന് ഇദ്ദേഹം രാജിക്കത്ത് നല്കിയിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ അദ്ദേഹം 2019ല്‍ ജോലിയില്‍ പ്രവേശിച്ചതു മുതല്‍ ജാതി വിവേചനം നേരിടുന്നുവെന്നാണ് ആരോപിക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!